
പട്ന : ബീഹാറിലെ അരാരിയ ജില്ലയിൽ, വിവാഹത്തിന് തൊട്ടു മുൻപ് മുങ്ങിയതായി റിപ്പോർട്ട്. വിവാഹദിനത്തിൽ വരനും സംഘവും ഘോഷയാത്രയായി എത്തുന്നതിനു വേണ്ടി മണിക്കൂറുകളോളം വധുവും കുടുംബവും കാത്തിരുന്നിട്ടും വരൻ മണ്ഡപത്തിൽ എത്തിയില്ല. റാണിഗഞ്ച് പോലീസ് സ്റ്റേഷൻ പ്രദേശത്തെ 18-ാം വാർഡിലെ വിസ്താരിയ പഞ്ചായത്തിലെ താമസക്കാരനായ യുവാവിന്റെ വിവാഹമാണ് പൂർണിയ ജില്ലയിലെ ഒരു പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നത്. മിർഗഞ്ച് പോലീസ് സ്റ്റേഷൻ പ്രദേശത്തെ ഒരു ഗ്രാമത്തിൽ ആയിരുന്നു കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നത്.
വധുവിന്റെ കുടുംബം വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ജൂലൈ 2 ന് ബൻമാങ്കിയിലെ ഭക്ത പ്രഹ്ലാദ് മന്ദിറിൽ വെച്ചാണ് വിവാഹം നടക്കേണ്ടിയിരുന്നത്. പെൺകുട്ടിയുടെ കുടുംബം ആൺകുട്ടിയുടെ കുടുംബത്തിന് 1.5 ലക്ഷം രൂപ പണവും ഫർണിച്ചറും മറ്റ് സമ്മാനങ്ങളും നൽകി.
വിവാഹ ദിവസം, ക്ഷേത്രത്തിൽ ഏകദേശം 100 അതിഥികൾക്കും ഭക്ഷണവും പാനീയങ്ങളും ഒരുക്കിയിരുന്നു. എന്നാൽ വരനോ കൂട്ടരോ വന്നില്ല. ബുധനാഴ്ച രാത്രിയും പെൺകുട്ടിയും കുടുംബവും കാത്തിരുന്നു. വ്യാഴാഴ്ച രാവിലെ ആൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ, ആൺകുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയതായി മനസിലാക്കി.
തുടർന്ന് പെൺകുട്ടിയുടെ കുടുംബം റാണിഗഞ്ച് പോലീസ് സ്റ്റേഷനിലെത്തി നീതിക്കായി പോലീസിനെ സമീപിച്ചു. ഇരു കക്ഷികളെയും കൗൺസിലിംഗിനായി വിളിപ്പിച്ചിട്ടുണ്ടെന്നും ഇതുവരെ രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും റാണിഗഞ്ച് എസ്എച്ച്ഒ രവി രഞ്ജൻ പറഞ്ഞു. അപേക്ഷ ലഭിച്ചാലുടൻ നിയമനടപടി സ്വീകരിക്കും. ഈ സംഭവത്തിൽ വധുവും കുടുംബവും അതീവ ദുഃഖിതരാണ്. ഇരു കക്ഷികളും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാൻ പോലീസ് ഇപ്പോൾ ശ്രമിക്കുകയാണ്.