
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. വൈവിധ്യം എന്ന് പറയുമ്പോൾ ഭാഷയിലും ഭക്ഷണത്തിലും സംസ്കാരത്തിലും ഇത് ഒതുങ്ങുന്നില്ല. നമ്മുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഈ വൈവിധ്യം പ്രതിഫലിക്കുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി മൃഗങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും ആരാധിക്കുന്ന ക്ഷേത്രങ്ങൾ നമ്മൾക്ക് ചുറ്റും കാണുവാൻ സാധിക്കുന്നു. അത്തരത്തിൽ ഏറെ വ്യത്യസ്തമായൊരു ക്ഷേത്രമാണ് ഉത്തർപ്രദേശിലെ തവളക്ഷേത്രം (The Frog Temple). ക്ഷേത്രത്തിന്റെ പേരുകേട്ട് തെറ്റിദ്ധരിക്കണ്ട ഇത് തവളകളെ ആരാധിക്കുന്ന ക്ഷേത്രമല്ല.
ഇന്ത്യയിലെ ഏറ്റവും വിചിത്രവും നിഗൂഢവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ഓയിൽ പട്ടണത്തിലെ മണ്ഡൂക് മന്ദിർ അഥവാ തവള ക്ഷേത്രം. തവളക്ഷേത്രം എന്നാണ് അറിയപ്പെടുന്നതെങ്കിലും ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്. നർമ്മദേശ്വർ (Narmadeshwar Temple) എന്ന പേരിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിനെ താവളക്ഷേത്രം എന്ന് അറിയപ്പെടാൻ പ്രധാന കാരണം ക്ഷേത്രത്തിലെ തവളയുടെ ഭീമാകാരമായ ശില്പമാണ്. വിശ്വാസികൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുക ഒരു വലിയ താവളയെയാണ്. ഈ തവളയുടെ (മണ്ഡൂകം) മുകളിലായാണ് ക്ഷേത്രത്തിൻ്റെ പ്രധാന ശ്രീകോവിൽ പണിതിരിക്കുന്നത്.
ഈ ക്ഷേത്രത്തിനു ഏകദേശം 200 വർഷത്തിലധികം പഴക്കമുള്ളതായി കണക്കാക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഓയലിൽ രാജാവായിരുന്ന ബക്ത് സിംഗിന്റെ ഇഷ്ട്ടാനുസരണമാണ് ഈ ക്ഷേത്രം പണിയുന്നത്. മണ്ഡൂക് തന്ത്രം എന്ന താന്ത്രിക വിദ്യയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമ്മിച്ചത്. സമ്പത്തിൻ്റെയും, ഭാഗ്യത്തിൻ്റെയും, ഫലഭൂയിഷ്ഠതയുടെയും പ്രതീകമായാണ് തവളയെ കണക്കാക്കുന്നത്. ക്ഷാമത്തിൽ നിന്നും വരൾച്ചയിൽ നിന്നും നാടിനെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ പ്രത്യേക വാസ്തുവിദ്യയിൽ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. താന്ത്രിക രീതിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യയിലുടെനീളം താന്ത്രികത പ്രതിഫലിക്കുന്നു.
നൂറ് അടി ഉയരമുള്ള ക്ഷേത്രത്തിലെ ശ്രീകോവിലിൽ പടികൾ കയറി വേണം എത്താൻ. ഒരു താന്ത്രിക യന്ത്രത്തിന്റെ ( അഷ്ടഭുജാകൃതിയിലുള്ള താമര) മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ശിവലിംഗം ഇവിടെയുണ്ട്. ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ രണ്ട് വാതിലുകൾ മാത്രമേയുള്ളൂ. ഏതൊരു നിഗൂഢ ശാസ്ത്രത്തിന് അനുസൃതമായാണ് ക്ഷേത്രം പണിതിരിക്കുന്നത്. പണ്ടുകാലത്ത് ക്ഷേത്രത്തിൽ താന്ത്രിക വിദ്യകൾ അഭ്യസിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ ഇന്ന് ക്ഷേത്രത്തിലെ താന്ത്രിക ആചാരങ്ങൾ നിലച്ചെങ്കിലും ഭാഗ്യത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും അടയാളമായി കണക്കാക്കി കൊണ്ട് ക്ഷേത്രത്തിലേക്ക് നിരവധി വിശ്വാസികൾ എത്തുന്നു. ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം ഇവിടുത്തെ ശിവലിംഗമാണ്. ക്ഷേത്രത്തിലെ ശിവലിംഗത്തിന് ദിവസത്തിൽ മൂന്നു തവണ നിറം മാറാൻ കഴിയുമെന്നാണ് ഭക്തരുടെ വിശ്വാസം. രാവിലെ വെളുത്ത നിറവും, ഉച്ചയ്ക്ക് സ്വർണ്ണത്തിൽ കലർന്ന ചുവപ്പു നിറവും, രാത്രിയിൽ ഇരുണ്ട നിറവുമാണ് ശിവലിംഗത്തിന്. മറ്റ് ശിവക്ഷേത്രങ്ങളിൽ ശിവലിംഗത്തിന് എതിർവശത്തായി ഇരിക്കുന്ന നിലയിലെ നന്ദിയെ കാണാം, എന്നാൽ ഈ ക്ഷേത്രത്തിലെ നന്ദി പ്രതിമ യഥാർത്ഥത്തിൽ നിൽക്കുന്ന നിലയിലാണ്.
Summary: The Frog Temple is a unique Shiva temple built upon the back of a large, frog-shaped platform. Constructed in the 19th century based on Tantric principles, it features a color-changing Shivalinga and, unusually, a standing statue of Nandi.