ഗുവാഹത്തി: അസമിൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ബിജെപിയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടം മുറുകുന്നു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ആരോപണ പ്രത്യാരോപണങ്ങളുമായി പ്രമുഖ നേതാക്കൾ രംഗത്തെത്തി.(The fight intensifies in Assam, Prominent leaders accuse each other)
സ്വതന്ത്ര ഇന്ത്യയിലെ അഴിമതിയുടെയെല്ലാം മൂലകാരണം കോൺഗ്രസാണെന്ന് ബിശ്വനാഥിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. അധികാരത്തിന് വേണ്ടി കോൺഗ്രസ് അസമിന്റെ അസ്തിത്വവും സുരക്ഷയും പണയപ്പെടുത്തിയെന്നും അനധികൃത കുടിയേറ്റക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് വലിയ തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു.
ദിബ്രുഗഡിലെ തേയിലത്തോട്ടത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ മോദി, വനിതാ തൊഴിലാളികളുമായി സംസാരിക്കുകയും തേയില നുള്ളുകയും ചെയ്തു. അസമിന്റെ ആത്മാവാണ് തേയിലയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സംസ്ഥാനത്ത് ബിജെപി ഹാട്രിക് വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച അസമിലെത്തി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തി.
അഴിമതി ആരോപണങ്ങൾ കാരണം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സമ്മർദ്ദത്തിലാണെന്നും സിൻഡിക്കേറ്റുകളിലൂടെയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. അന്തരിച്ച ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ബിജെപിയുടെ ‘ഇരട്ട എഞ്ചിൻ’ വാദത്തെ പരിഹസിച്ച പ്രിയങ്ക ഗാന്ധി, ഇത് ‘ഇരട്ട അടിമത്തത്തിന്റെ സർക്കാർ’ ആണെന്ന് റാലിയിൽ പറഞ്ഞു. മോദി അമേരിക്കയുടെ അടിമയായപ്പോൾ ഹിമന്ത മോദിയുടെ അടിമയായി മാറിയെന്നും അസമിന്റെ സംസ്കാരത്തെ അടിച്ചമർത്താനാണ് ഇവർ ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

