ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി നേതാവ് വിജയ് രംഗത്തെത്തി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡി.എം.കെ.യും ടി.വി.കെ.യും തമ്മിൽ മാത്രമായിരിക്കുമെന്നും, 100 ശതമാനം വിജയം തങ്ങൾക്കൊപ്പം ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മഹാബലിപുരത്ത് ചേർന്ന ടി.വി.കെ. ജനറൽ കൗൺസിലിന് ശേഷമായിരുന്നു വിജയ്‌യുടെ പ്രതികരണം.(The fight in 2026 is going to be with DMK, TVK leader Vijay slams Stalin)
കരൂർ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞതെന്നും, എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി എന്താണ് പ്രസംഗിച്ചതെന്നും വിജയ് ചോദിച്ചു. "തമിഴ്‌നാട്ടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്," എന്നും വിജയ് കൂട്ടിച്ചേർത്തു.
കരൂർ ദുരന്തത്തിന് ശേഷം പാർട്ടി നിർജീവമാണെന്നും സഖ്യം അനിവാര്യമാണെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ടി.വി.കെ.യുടെ സുപ്രധാന പ്രഖ്യാപനങ്ങൾ വന്നത്. മഹാബലിപുരം ജനറൽ കൗൺസിലിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏകകണ്ഠമായി തീരുമാനിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി.
എ.ഐ.എ.ഡി.എം.കെ.യുമായുള്ള സഖ്യ ശ്രമങ്ങൾ ടി.വി.കെ. തള്ളിയിരുന്നു. സഖ്യം ഉൾപ്പെടെയുള്ള ഭാവി കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ ജനറൽ കൗൺസിൽ വിജയ്‌യെ ചുമതലപ്പെടുത്തി.
28 അംഗ പുതിയ നിർവാഹക സമിതി രൂപീകരിച്ചതിന് ശേഷമുള്ള ടി.വി.കെ.യുടെ ആദ്യ പ്രധാന യോഗമായിരുന്നു ഇത്. വിജയിയുടെ ഈ പ്രഖ്യാപനത്തോടെ 2026-ലെ തമിഴ്നാട് തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുമെന്ന് ഉറപ്പായി.