
മോക്ഷത്തിനായുള്ള യാത്രയിൽ ഹൈന്ദവ വിശ്വാസികൾ ഏറ്റവും കൂടുതൽ പോകണം എന്ന ആഗ്രഹിക്കുന്ന പുണ്യസ്ഥാനങ്ങളിൽ ഒന്ന് കാശിയും മറ്റൊന്ന് രാമേശ്വരവുമാണ്. രാമേശ്വരം ശ്രീരാമന്റെ പുണ്യ സ്ഥാനം. നീണ്ട വനവാസത്തിനു ശേഷം ശ്രീരാമൻ നിലകൊണ്ട ഇടമാണ് രാമേശ്വരം. തമിഴ്നാട്ടിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വര ക്ഷേത്രം (Rameswaram Temple). ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം ദ്വീപിലാണ്.
സ്തലം, മൂർത്തി, തീർത്ഥം എന്നീ പ്രത്യേകതകളുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം. കിഴക്ക് ദർശനമായി ക്ഷേത്രത്തിൽ 3 ഇടനാഴികളാണ് ഉള്ളത് ഇവയിൽ പുറത്തുള്ള ആദ്യത്തെ ഇടനാഴിയാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി. 650 മീറ്ററാണ് ഈ ഇടനാഴിയുടെ നീളം. പാണ്ഡ്യരാജാക്കന്മാരും ശ്രീലങ്കയിലെ ജാഫ്ന ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരാണ് ക്ഷേത്രം പണിതീർക്കുന്നത്. തമിഴ് ശൈലിയിലുള്ള ക്ഷേത്രക്കൊടിമരവും നന്ദിമണ്ഡപവും ക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകളാണ്. 22 അടി നീളവും 17 അടി വീതിയും 17 അടി ഉയരവുമുള്ള അതിഭീമാകാരമായ നന്ദിവിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ചുണ്ണാമ്പും ഇഷ്ടികയുമാണ്. കരിങ്കല്ലിൽ കൊത്തിയെടുത്ത ശ്രീകോവിലിനുള്ളിലാണ് മൂന്നടിയോളം ഉയരം വരുന്ന രാമനാഥസ്വാമിയുടെ ശിവലിംഗം പ്രതിഷ്ഠിപ്പിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ താഴികക്കുടം സ്വർണ്ണം കൊണ്ട് പൂശിയിട്ടുണ്ട്, കൂടാതെ ശ്രീകോവിലിന് തെക്കുഭാഗത്തായി പർവ്വതവർദ്ധിനി അമ്മന്റെ സന്നിധിയാണ്. ഭഗവാൻ ശിവന്റെ പ്രതിഷ്ഠയ്ക്ക് ഇടതു ഭാഗത്തു പാർവതി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും ശ്രീലകത്ത് കാണാൻ സാധിക്കുന്നതാണ്. ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി കാണപ്പെടുന്ന വിശ്വനാഥസ്വാമിയുടെ വിശ്വനാ പ്രതിഷ്ഠയെ ഹനുമാൻ പ്രതിഷ്ഠിച്ച മൂർത്തി എന്നും പറയപ്പെടുന്നു. വിശ്വനാഥസ്വാമിയുടെ ഒപ്പം പത്നി വിശാലാക്ഷിയുമുണ്ട്.
അനേകം ഉപദേവതാസന്നിധികളുള്ള പുണ്യസങ്കേതമാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിന്റെ ഉത്ഭവത്തെ ചുറ്റിപറ്റി രണ്ട് കഥകളുണ്ട്. അതിൽ ആദ്യത്തേത് അദ്ധ്യാത്മരാമായണത്തിൽ പരാമർശിച്ചിട്ടുള്ള കഥയാണ്. അതനുസരിച്ച്, ലങ്കയിലേയ്ക്ക് പോകുന്ന വഴിയിൽ ശിവന്റെ അനുഗ്രഹത്തിനു വേണ്ടിയാണ് ശ്രീരാമൻ ഇവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. എന്നാൽ ക്ഷേത്ര ഉത്ഭവവുമായി ബന്ധപ്പെട്ട് ഏറെ പ്രസിദ്ധം രണ്ടാമത്തെ കഥയാണ്. രാവണ വധത്തിനു ശേഷം, പത്നിയായ സീതയോടും അനുജനായ ലക്ഷ്മണനോടും കൂടെ പുഷ്പകവിമാനത്തിലേറി ജന്മനാടായ അയോദ്ധ്യയിലേയ്ക്ക് ശ്രീരാമൻ യാത്ര തിരിച്ചു. അവരെ അനുഗമിച്ചു കൊണ്ട് ഹനുമാൻ, വിഭീഷണൻ, സുഗ്രീവൻ, അംഗദൻ എന്നിവരും യാത്ര തിരിച്ചു. യാത്ര മദ്ധ്യേ താൻ പണിയിച്ച പാലം കാണാനിടയായ ശ്രീരാമൻ രാവണ വധത്തെത്തുടർന്ന് തന്നെ ബാധിച്ച ബ്രഹ്മഹത്യാപാപത്തിന് പരിഹാരമായി ശിവപ്രതിഷ്ഠ നടത്താൻ തീരുമാനിക്കുന്നു. ഉചിതമായ ശിവലിംഗം കൊണ്ടുവരാൻ ഭക്തനായ ഹനുമാനെ ശ്രീ രാമൻ ഏർപ്പെടുത്തി. ഉചിതമായ മുഹൂർത്തം അടുത്തു വന്നാൽ അപ്പോൾ പ്രതിഷ്ഠ നടത്തം എന്നതായിരുന്നു പദ്ധതി. എന്നാൽ സമയം ഏറെ വൈലിയിട്ടും ഹനുമാൻ മടങ്ങി വന്നില്ല, അതോടെ ശ്രീരാമൻ മണലു കൊണ്ട് ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠിച്ചു. ശിവലിംഗവുമായി മടങ്ങിയെത്തിയ ഹനുമാൻ ശ്രീരാമൻ സ്വയം പ്രതിഷ്ഠിച്ച ശിവലിംഗം കാണുന്നു. ഭഗവാൻ തന്നെ വഞ്ചിച്ചെന്ന് തോന്നിയ ഹനുമാൻ ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവലിംഗം തന്റെ വാലുകൊണ്ട് നശിപ്പിക്കാൻ ശ്രമിക്കുന്നു. അതീവ ബലവാനായ ഹനുമാന് ശിവലിംഗം തകർക്കാൻ സാധിച്ചില്ല.
അതോടെ ശ്രീരാമൻ നടത്തിയ പ്രതിഷ്ഠയുടെ മാഹാത്മ്യം മനസ്സിലാക്കിയ ഹനുമാൻ തന്റെ ശിവലിംഗം സമീപത്തു തന്നെ പ്രതിഷ്ഠിക്കുന്നു. ക്ഷേത്രത്തിൽ എത്തുന്നു ഭക്തർ ആദ്യം വണങ്ങുന്നത് ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെയാണ്. ശ്രീരാമൻ ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം രാമേശ്വരം എന്നും, പ്രതിഷ്ഠ രാമനാഥൻ എന്നും അറിയപ്പെട്ടു. ഹനുമാന്റെ പ്രതിഷ്ഠയെ വിശ്വനാഥലിംഗം എന്നും അറിയപ്പെട്ടു. ഇപ്പോഴും ഭക്തർ ആദ്യം വണങ്ങുന്നത് വിശ്വനാഥലിംഗത്തെയാണ്.
കടന്നു വന്ന നാൾവഴികളിൽ ചെയ്തു പോയ പാപങ്ങൾ കഴുകി കളയാൻ ഇതിലും പവിത്രമായൊരു സ്ഥലം ഉണ്ടോ എന്നത് സംശയമാണ്. ഇവിടെ എത്തിപ്പെടുന്നവരിൽ വളരെ കുറച്ച ഭക്തർ മാത്രമേ തിരികെ തങ്ങളുടെ ഭാവനങ്ങളിലേക്ക് പോകാറുള്ളൂ. ഭൂരിഭാഗം വിശ്വാസികളും അവരുടെ ശേഷിച്ച കാലം ഇവിടെത്തന്നെ ചിലവഴികണം എന്ന ഉദ്ദേശത്തിലാണ് രാമേശ്വര എത്തി ചേരുന്നത്.