
നമ്മുടെ ഇന്ത്യ ക്ഷേത്രങ്ങളുടെ നാടാണ്. ആചാരം കൊണ്ടും പ്രതിഷ്ഠകൾ കൊണ്ടും ഓരോ ക്ഷേത്രവും ഒന്നിന് ഒന്ന് വേറിട്ട് നിൽക്കുന്നു. പട്ടിക്കും പൂച്ചയ്ക്കും എന്തിനേറെ പറയുന്നു ബുള്ളെറ്റിനെ വരെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ പിന്നെ എലികളെ ആരാധിക്കുന്ന ക്ഷേത്രത്തെ കുറിച്ച് നോക്കിയാലോ. എലികളെ ആരാധിക്കുക എന്ന് പറയുമ്പോൾ മൂഷിക വിഗ്രത്തെ അല്ല ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്, ജീവനുള്ള എലികളെ ആരാധിക്കുന്ന കർണിമാതാ ക്ഷേത്രം (Karni Mata Temple)
എലികളുടെ ക്ഷേത്രം
രാജസ്ഥാനിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയായ ബിക്കാനീറിൽ നിന്ന് 30 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ദേഷ്‌നോക്ക് പട്ടണത്തിലാണ് കർണിമാതാ ക്ഷേത്രമുള്ളത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ ദുർഗ്ഗാ ദേവിയാണ്. ദുർഗ്ഗാ ദേവിയുടെ അവതാരമായ കർണിമാതാവിനാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. എലികളുടെ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത് 2,500 ഓളം എലികളെയാണ്. ഇവയിൽ കൂടുതലും കറുത്ത എലികളാണ്.
പതിനഞ്ചാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിച്ചത് എന്ന് കരുതപ്പെടുന്നു. എന്നാൽ, 20-ാം നൂറ്റാണ്ടിൽ ബിക്കനീർ രാജാവായിരുന്ന മഹാരാജാ ഗംഗാ സിങ്ങാണ് ഇന്ന് കാണുന്ന നിലയിൽ ക്ഷേത്രം പണിയുന്നത്. മുഗൾ വാസ്തുവിദ്യ ശൈലിയിൽ പണിതിരിക്കുന്ന ക്ഷേത്രം മാർബിൾ കൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ വാതിലുകൾ വെളിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒട്ടനവധി ദേവി ദേവന്മാരുടെ രൂപണങ്ങളും കൊത്തുപണികളും കാണുവാൻ സാധിക്കും. രാവിലെ 4 മണിയോടെയാണ് ക്ഷേത്രം തുറക്കുക. മംഗളാരതിയോട് കൂടി ക്ഷേത്രത്തിലെ നിത്യപൂജകൾക്ക് തുടക്കമാകും.
കർണിമാതാ ക്ഷേത്ര ഐതിഹ്യം
ശക്തിയുടെ അവതാരമായിരുന്നു കർണിമാതാ. ബ്രഹ്മചര്യം സ്വീകരിച്ച കാർണി മാതാവ് തന്റെ ഇളയ സഹോദരിയെ ഭർത്താവായ ദെപാജിക്ക് വിവാഹം കഴിച്ചുകൊടുക്കുന്നു. അങ്ങനെ ദെപാജിക്ക് നാലു ആൺകുഞ്ഞുങ്ങൾ പിറക്കുന്നു. അവരിൽ ഇളയവനായിരുന്നു ലക്ഷ്മണൻ. കർണി മാത സഹേദരിയുടെ മക്കളെ സ്വന്തം മക്കളെ പോലെയാണ് സ്നേഹിച്ചു വളർത്തിയത്. ഒരിക്കൽ, കപിൽ സരോവറിൽ ഇളയമകനായ ലക്ഷ്മണൻ മുങ്ങിമരിക്കുന്നു. അതിൽ ദുഖിതയായ കർണി മാതാവ് യമദേവനോട് മകനെ തിരിക്കെ നൽകുവാൻ ആവശ്യപ്പെടുന്നു, പക്ഷെ ദേവിയുടെ അഭ്യർത്ഥന യമദേവൻ നിരസിക്കുന്നു. എന്നാൽ ദയ തോന്നിയ യമരാജൻ ലക്ഷ്മണൻ മാത്രമല്ല, കർണിമാതായുടെ എല്ലാ മക്കളും എലികളായി അവതാരമെടുക്കുമെന്ന് അനുഗ്രഹിക്കുന്നു. ഇങ്ങനെയാണ് എലികളെ ആരാധിക്കാൻ തുടങ്ങിയതത്രെ.
കബാസ്
കബാസ് എന്നാണ് ക്ഷേത്രത്തിലെ എലികളെ വിളിക്കുന്നത്. കർണിമാതായുടെ വംശത്തിലെ മനുഷ്യർ മരിച്ചു കഴിയുമ്പോൾ അവർ കബാസായി പുനർജനിക്കുന്നു. കബാസ് മരണപ്പെടുമ്പോൾ മനുഷ്യരായി പുനർജനിക്കും അത്രേ. ലക്ഷ്മൺ രാജകുമാരന്റെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രാണവാഹകരെന്നും കബാസുകളെ വിശേഷിപ്പിക്കാറുണ്ട്. ക്ഷേത്രത്തിൽ ഇരുപതിനായിരത്തിലധികം കബാസുകൾ ഉള്ളതായാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിൽ എങ്ങും എലികൾ മാത്രമാണ്, ശ്രീകോവിലും പാചകപുരയും എല്ലാം കബാസുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ക്ഷേത്രത്തിലെ പ്രധാന ആചാരവും എലികളെ ഊട്ടുന്നതാണ്. പാലും പ്രസാദവും നൽകിയാണ് എലികളെ ആരാധിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒരു എലി മരണപ്പെട്ടാൽ അതിനു പകരം വെള്ളിയിൽ തീർത്ത എലിയുടെ രൂപം ഉണ്ടാക്കി ക്ഷേത്രത്തിൽ സൂക്ഷിക്കുന്നു. ഇനി എലികളെ ആരെങ്കിലും കൈയബദ്ധം മൂലം കൊന്നാൽ അതിനുപകരം സ്വർണത്തിലുള്ള എലിയെ സമർപ്പിക്കണമത്രെ. ക്ഷേത്രം നിറച്ചും കറുത്ത എലികളാണ് എങ്കിലും ഇവയിൽ വെളുത്ത എലികളെയാണ് കർണി മാതാവിന്റെ നാലു പുത്രൻമാർ എന്നാണ് വിശ്വാസം.
Summary: The Karni Mata Temple in Rajasthan, known as the Rat Temple, is home to over 20,000 sacred rats called kabas. Legend says they are the reincarnated descendants of the goddess Karni Mata’s family. Devotees feed them with milk and offerings, and spotting a rare white rat is considered highly auspicious.