മഞ്ഞുപാളികളിൽ 400 വർഷം മറഞ്ഞ് നിന്ന ക്ഷേത്രം: വർഷത്തിൽ ആറുമാസക്കാലം മാത്രം ദർശനം, മഹാപ്രളയത്തെയും അതിജീവിച്ച കേദാർനാഥ് ക്ഷേത്രം |Kedarnath Temple

Kedarnath Temple
Published on

ഉത്തരഖണ്ഡിലെ കേദാർനാഥിൽ, ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഹൈന്ദവ ക്ഷേത്രമാണ് കേദാർനാഥ് (Kedarnath Temple). ഹൈന്ദവ വിശ്വാസികളെ സംഭബന്ധിച്ചടുത്തോളം കേദാര്‍നാഥ് സർവ്വ പ്രധാനമായ ഭക്തി കേന്ദ്രമാണ്. സവിശേഷതകൾ ഏറെയാണ് ഈ ക്ഷേത്രത്തിന്. മഞ്ഞുമൂടിയ ഉയർന്ന കൊടുമുടികളാൽ ചുറ്റപ്പെട്ട വിശാലമായ ഒരു പീഠഭൂമിയുടെ മധ്യത്തിൽ നിൽക്കുന്ന കേദാർനാഥിലെ ക്ഷേത്രം അതിമനോഹരമായ ഒരു കാഴ്ചയാണ്
ഭക്തർക്ക് പ്രദാനം ചെയുന്നത്. മഞ്ഞ് മൂടിയ താഴ്‌വരയിലെ പുണ്യ സങ്കേതമാണ് ക്ഷേത്രം. നിഗൂഢതകളുടെ കൂടാരമായ ഹിമാലയ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ശാസ്ത്രത്തിനു പോലും അത്ഭുതമാണ്. ദൈവീക ശക്തി അതിന്റെ പരകോടിയില്‍ ഇവിടെ തുടരുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കേദാര്‍നാഥ് പട്ടണം മുഴുവന്‍ നശിപ്പിച്ച വെള്ളപ്പൊക്കത്തിലും തകരാതെ ക്ഷേത്രം നിലകൊണ്ടത് അത്തരമൊരു ശക്തിയുടെ കരുത്തിലാണെന്ന് കരുതപ്പെടുന്നു.

 മഹാദേവനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം അതിമനോഹരമായ വാസ്തുവിദ്യശൈലിയിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. വളരെ വലുതും ഭാരമേറിയതും തുല്യ ആകൃതിയിൽ മുറിച്ചതുമായ ചാരനിറത്തിലുള്ള കല്ലുകൾ കൊണ്ട് ക്ഷേത്രസമുച്ചയം പണിതീർത്തിരിക്കുന്നത്. ആരാധനയ്ക്കായി ഒരു ഗർഭഗൃഹവും, തീർത്ഥാടകരുടെയും സന്ദർശകരുടെയും ഒത്തുചേരലിന് അനുയോജ്യമായ ഒരു മണ്ഡപവും ക്ഷേത്രത്തിലുണ്ട്. ശിലാ ഫലകങ്ങൾ കൊണ്ട് നിർമിതമായ ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വർഷം  പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഭഗവാന്റെ ജ്യോതിർലിംഗ പ്രതിഷ്ഠയുള്ള  ക്ഷേത്രങ്ങളിൽ  ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രമാണ്.

ക്ഷേത്രത്തിനു പിന്നിലെ പ്രധാന ഐതീഹിത്യം, വർഷങ്ങൾക്ക് മുൻപ് പാണ്ഡവർ മോക്ഷപ്രാപ്‍തി നേടാനായി പരമശിവനെ തേടി കൈലാസത്തിൽ എത്തുന്നു. എന്നാൽ ദേവന്റെ സന്ദർശനത്തിനായുള്ള അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് ഭഗവാനെ തേടിയുള്ള യാത്ര പാണ്ഡവർ തുടരുന്നു. തുടർന്ന പാണ്ഡവർ ഹിമാലയത്തിൽ മേഞ്ഞുനടക്കുന്ന ഗോക്കളുടെ കൂട്ടത്തെ കാണുകയും ഭഗവാൻ അതിൽ കാളയായി മറഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. വളരെ പെട്ടാണ് ഭീമസേനൻ ഭീമാകാരനായി ഗോക്കൂട്ടത്തിനു മുകളിലേക്ക് ചാടി വീഴുന്നത്. ഉടനെ ഭഗവാൻ കാളയുടെ രൂപത്തോടെ ഭൂമിക്കടിയിലേക്ക് മറയാൻ ശ്രമിക്കുന്നു. എന്നാൽ , ഭീമൻ സേനൻ കാളയെ പിടിച്ചു നിർത്താൻ ശ്രമിക്കുകയും അതിന്റെ മുതുകിലെ മുഴയിൽ പിടിച്ചു നിർത്തുകയും ചെയ്യുന്നു. ഭീമൻ തൊട്ട ഭാഗം പിന്നീട് ഒരു പാറയായി മാറുന്നു. അതോടെയാണ് പാണ്ഡവർ അവിടെ ഒരു ശിവഭഗവാനായി ക്ഷേത്രം പണിയുകയും ചെയ്തു. ക്ഷേത്രത്തെ നിർമിച്ചപ്പോൾ ഉള്ള അതെ ആചാരങ്ങൾ തന്നെയാണ് ഇപ്പോഴും ക്ഷേത്രത്തിൽ ചെയ്തുപോരുന്നത്.

ക്ഷേത്രത്തിനു വലിയനാശനഷ്ടങ്ങൾ ഉണ്ടാക്കിയ പ്രതിഭാസമാണ് 2013 ലെ ഉത്തരാഖണ്ഡിലെ പ്രളയം. ജൂൺ 16,17 ൽ നടന്ന പ്രളയത്തെ തുടർന്ന്  ക്ഷേത്ര സമുച്ചയത്തിനും പരിസര പ്രദേശങ്ങൾക്കും കേദാരനാഥ പട്ടണത്തിനും വ്യാപകമായ നഷ്ടങ്ങൾ സംഭവിച്ചു. പക്ഷേ ക്ഷേത്ര ഘടനയ്ക്ക് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ല. വെള്ളപ്പൊക്കത്തെ തുടർന്ന് ക്ഷേത്രത്തിന്റെ അടിത്തറയുടെ അവസ്ഥ പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിദഗ്ധ സംഘത്തെ ചുമതലപെടുത്തിയിരുന്നു. ഇതിനായി മദ്രാസ് ഐഐടി വിദഗ്ധർ മൂന്ന് തവണ ക്ഷേത്രം സന്ദർശിച്ചു. പ്രളയത്തിൽ ക്ഷേത്രത്തിന് ഒരു കേടുപാടും പറ്റിയില്ല എന്നതായിരുന്നു സംഘത്തിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിന്റെ ഘടനയെ തടസ്സപ്പെടുത്താത്ത നോൺ-ന്യൂസ്ട്രക്ടീവ് ടെസ്റ്റിംഗ് ഉപകരണങ്ങൾ ഘടനയുടെയും അടിത്തറയുടെയും മതിലുകളുടെയും ആരോഗ്യം വിലയിരുത്തുന്നതിന് ഐഐടി സംഘം ഉപയോഗിച്ചു. ക്ഷേത്രം സ്ഥിരതയുള്ളതാണെന്നും വലിയ അപകടമൊന്നുമില്ലെന്നുള്ള ഇടക്കാല റിപ്പോർട്ട് സമർപ്പികുകയും ചെയ്തു.

ക്ഷേത്രം 400 വര്‍ഷത്തോളം മഞ്ഞുമൂടിയതായിരുന്നു. ഡെറാഡൂണിലെ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി നടത്തിയ പഠനങ്ങൾ പ്രകാരം മഞ്ഞുപാളികളികള്‍ക്കടിയില്‍ ഏറെക്കാലം മൂടിനിന്നതിന്റെ ലക്ഷണങ്ങൾ ക്ഷേത്ര ഘടനയിൽ വ്യക്തമാണ്. എന്നിരുന്നാൽ പോലും ക്ഷേത്ര ഘടനയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. അത് കൊണ്ട് തന്നെ 2013 ലെ വെള്ളപ്പൊക്കത്തില്‍ ക്ഷേത്രത്തിന് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്ന് പറയുമ്പോൾ ഞെട്ടേണ്ടതില്ല. ഹിമപാളികള്‍ സാവധാനത്തില്‍ കല്ലുകള്‍ക്ക് മുകളിലൂടെ നീങ്ങിക്കൊണ്ടിരുന്നതായി കണക്കാക്കപ്പെടുന്ന നിരവധി മഞ്ഞ വരകള്‍ ഗവേഷണസംഘം ക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയിരുന്നു.

1939 ലെ ആക്ട് നമ്പർ 16 ആയി ഉത്തർപ്രദേശ് സംസ്ഥാന ഗവൺമെന്റ് ആക്ട് നമ്പർ 30/1948 ൽ ഈ ക്ഷേത്രം ഉൾപ്പെടുത്തി, ഇതേ തുടർന്ന് ശ്രീ ബദരീനാഥ് ആൻഡ് ശ്രീ കേദാർനാഥ് മന്ദിർ ആക്ട് എന്നറിയപ്പെട്ടു. നിലവിൽ ക്ഷേത്രങ്ങളിലെയും ഭരണ കാര്യങ്ങൾ കൈകാര്യം ചെയുന്നത് സംസ്ഥാന ഗവൺമെന്റ് നാമനിർദ്ദേശം ചെയ്ത കമ്മിറ്റിയാണ്. 2002ൽ ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ ഇതിനെ പരിഷ്‌കരിച്ചു. ഈ കമ്മറ്റിയിൽ വൈസ് ചാൻസലർ ഉൾപ്പെടെ കൂടുതൽ അംഗങ്ങളെ നിയമിക്കുന്നതിനായി വ്യവസ്ഥ ചെയ്തിട്ടിട്ടുണ്ട്. പ്രളയത്തിന് ശേഷം ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനായുള്ള പദ്ധതികൾ നടത്തിയത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മൾട്ടി-ഡിസിപ്ലിനറി ഡിസൈൻ സ്ഥാപനമായ ഐഎൻഐ ഡിസൈൻ സ്റ്റുഡിയോയാണ്.

ക്ഷേത്രത്തിൽ ഭക്തർക്ക് സന്ദർശനം നടത്താൻ സാധിക്കുന്നത് ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമാണ്. മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ,  ശൈത്യകാല സമയങ്ങളിൽ ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് മാറ്റുന്നു. അവിടെവച്ചാണ് നിത്യപൂജകൾ ഭഗവാന് അർപ്പിക്കുന്നത്. ശങ്കരാചാര്യരാണ് ഈ ക്ഷേത്രത്തെ പുനർനിർമിച്ചത് എന്ന് കരുത്തപെടുന്നു. ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞു ലക്ഷകണക്കിന് ഭക്തരാണ് ഇവിടേക്ക് എത്തിച്ചേരുന്നത്, എല്ലാ സമയവും ക്ഷേത്രം തുറക്കാത്തത് കൊണ്ട് തന്നെ ക്ഷേത്രം തുറക്കുന്ന സമയങ്ങളിൽ ഭക്തരുടെ തിരക്ക് ക്ഷേത്രത്തിൽ വളരെ കൂടുതൽ ആയിരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com