ബാണാസുര നിഗ്രഹത്തിനായി കന്യകയായി അവതരിച്ച് ആദിപരാശക്തി, 108 ശക്തിപീഠങ്ങളിൽ ഒന്ന്; സമുദ്രങ്ങളുടെ സംഗമസ്ഥാനത്ത് കുടികൊള്ളും ഭഗവതി അമ്മൻ ക്ഷേത്രം |Bhagavathy Amman Temple

Bhagavathy Amman Temple
Published on

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ, മൂന്ന് സമുദ്രങ്ങളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹൈന്ദവ ക്ഷേത്രമാണ് ഭഗവതി അമ്മൻ ക്ഷേത്രം. ക്ഷേത്രത്തിൽ ഭഗവതിയായി പ്രതിഷ്ഠിച്ചിരിക്കുന്നത് കൗമാര പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ രൂപത്തിലുള്ള ആദിപരാശക്തിയെയാണ്.  ശ്രീ ബാലാംബിക, ശ്രീ ബാലാ എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാ സമുദ്രങ്ങളുടെ സംഗമ സ്ഥാനതാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. (Bhagavathy Amman Temple)

മൂവായിരത്തിലേറെ വർഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രം, 108 ശക്തിപീഠങ്ങളിൽ ഒന്നായി ആരാധിക്കപ്പെടുന്നു. ക്ഷേത്രസമുച്ചയത്തിനുള്ളിൽ സൂര്യദേവൻ, ഗണപതി, അയ്യപ്പൻ, ബാലസുന്ദരി, വിജയസുന്ദരി എന്നിവർക്കും വേറിട്ട ആരാധനാലയങ്ങളുണ്ട്. ക്ഷേത്രത്തിലേക്ക് കടക്കുന്നതിനായി പ്രധാനമായും രണ്ട് കവാടങ്ങളാണ് ഉള്ളത്. സാധാരണയായി വടക്കേ കവാടമാണ് തുറക്കാറുള്ളത്, കിഴക്ക് വശത്തായുള്ള കവാടം അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് തുറക്കാറുള്ളത്.

ക്ഷേത്രേത്തിലെ ദേവിയുടെ പ്രതിഷ്‌ഠയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം ദേവിയുടെ വസ്ത്രമാണ്. കൗമാര പ്രായത്തിലുള്ള ദേവിയായത് കൊണ്ട് തന്നെ ദേവിയെ അണിയിച്ചിരിക്കുന്നതും അത്തരത്തിലുള്ള വസ്ത്രങ്ങൾ തന്നെയാണ്. കണങ്കാലിന് തൊട്ടുമുകളിലുള്ള നീളമുള്ള പാവാട, ഒരു പട്ട് മേലങ്കി, ബ്ലൗസ്. വിഗ്രഹം കറുത്ത ഗ്രാനൈറ്റ് കൊണ്ടാണ് ദേവി വിഗ്രഹം പണിതിരിക്കുന്നത്. ദേവിയുടെ മുഖത്ത് ചന്ദനപ്പൊടി പുരട്ടാറുണ്ട്. സർവ്വാഭരണവിഭൂഷിതയാണ് ഭഗവതിയെങ്കിലും ഏറ്റവും ആകർഷണം ദേവിയുടെ വജ്ര മുക്കുത്തിയാണ്. ശ്രീകോവിലിലെ എണ്ണ വിളക്കുകളുടെ വെളിച്ചത്തിൽ ഈ വജ്രങ്ങൾ അഗ്നിനാളങ്ങൾ പോലെ തിളങ്ങുന്നു.

ക്ഷേത്രത്തിലെ നാല് പ്രത്യേക തൂണുകളിൽ നിന്ന് വീണ, മൃദംഗം, ഓടക്കുഴൽ, ജലതരംഗം തുടങ്ങിയ വാദ്യങ്ങളുടെ നാദം കേൾക്കപ്പെടും എന്ന് കരുതപ്പെടുന്നു. ഇവയിൽ നിന്നും പുറത്തു വരുന്ന നാദങ്ങൾ ദേവിയുടെ മനസിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നു എന്നാണ് വിശ്വാസം. വിവാഹപ്രാർത്ഥനകൾക്കായി സ്ത്രീകൾ ഏറ്റവും കൂടുതലായി എത്തുന്ന ക്ഷേത്രം കൂടിയാണ് ഇത്. ചിത്രാ പൗർണ്ണമി ഉത്സവം, നവരാത്രി, വൈശാഖോത്സവം, കളബോത്സവം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. ക്ഷേത്ര ദർശന സമയം രാവിലെ 6:00 മണി മുതൽ 11:00 മണിവരെ വൈകുന്നേരം 4:00 മുതൽ 8:00 വരെയാണ്. നിലവിൽ ക്ഷേത്രത്തതിന്റെ നിരീക്ഷണം തമിഴ്നാട് സർക്കാരിന്റെ ഹിന്ദു മത ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലാണ്.

ക്ഷേത്ര ഐതിഹ്യം: തന്നെ വധിക്കാൻ ഒരു കന്യകയെ കൊണ്ട് മാത്രമേ കഴിയൂ എന്ന വരദാനം ബാണാസുരന് ബ്രഹ്മാവ് നൽകുന്നു. ബാണാസുരനെ ഉൻമൂലനം ചെയ്യാൻ പരാശക്തി, കുമാരിയുടെ രൂപം സ്വീകരിച്ച്, ബാണാസുരനെ പരാജയപ്പെടുത്തി. തുടർന്ന്, നാരദനും പരശുരാമനും, കലിയുഗാവസാനം വരെ ഭൂമിയിൽ കുടികൊള്ളണം എന്ന് പരാശക്തിയോട് അഭ്യർത്ഥിക്കുന്നു, ദേവി അത് സ്വീകരികയും ചെയ്തു. ഇതേ തുടർന്ന് പരശുരാമൻ ദേവിക്കായി സമുദ്രത്തിനടുത്തായി ക്ഷേത്രം പണിയുകയായിരുന്നു.

Summary: The Bhagavathy Amman Temple is a sacred site where Goddess Adi Parashakti is said to have appeared as a virgin to vanquish the demon Banasura. As one of the 108 Shakti Peethas, it holds immense spiritual importance. The temple's distinctive location at the tri-junction of the Bay of Bengal, Arabian Sea, and Indian Ocean makes it a notable pilgrimage and cultural hub.

Related Stories

No stories found.
Times Kerala
timeskerala.com