
പരബ്രഹ്മത്തെ പ്രതിനിധാനം ചെയ്യുന്ന ശബ്ദമാണ് 'ഓം'. സൃഷ്ടിയുടെ ശബ്ദം, ബ്രഹ്മാവിന്റെ പരമപവിത്ര ചിഹ്നം, എല്ലാ ധ്യാനങ്ങളുടെ ആധാരം. ഹൃദയത്തിൽ ശാന്തിയും ആത്മജ്ഞാനവും പകരുന്ന ഈ ശബ്ദം, ഭാരതീയ ധാർമിക സങ്കൽപ്പങ്ങളിൽ അത്യന്തം മഹത്തായ സ്ഥാനമാണ് വഹിക്കുന്നത്. ഈ പരമമായ മന്ത്രം ഒരു ദ്വീപിന്റെ രൂപമായി രൂപാന്തരപ്പെട്ടാൽ എങ്ങനെയുണ്ടാകും. ആത്മീയതയുടെയും ഐതിഹ്യങ്ങളുടെയും സംഗമഭൂമിയായ നർമ്മദാ നടിയുടെ തീരത്തായി ഒരു ദ്വീപുണ്ട് 'ഓം'ആകൃതിയില്‍ രൂപമുള്ള തീർത്തും അപൂർവ്വമായൊരു ദ്വീപ്. "ഓം" എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള മന്ഥാതാ (ശിവപുരി) ദ്വീപ്. ഈ ദ്വീപിലാണ് ഏറെ പ്രസിദ്ധമായ ഓംകാരേശ്വര ക്ഷേത്രം (Omkareshwar Temple) സ്ഥിതിചെയ്യുന്നത്. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായ ഈ പുണ്യസ്ഥാനം അദ്വൈത ദർശനത്തിന്റെയും അനശ്വരമായ ശിവ ചൈതന്യത്തിന്റെയും ഉറവിടം കൂടിയാണ്.
മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ ഖണ്ട്വ നഗരത്തിനടുത്തുള്ള മാന്ധാതയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ഓംകാരേശ്വർ ക്ഷേത്രം. പുരാതന കാലം മുതൽ ആദരിക്കപ്പെടുന്ന ഈ ദിവ്യ സ്ഥലം ഐതിഹ്യങ്ങൾ, ആത്മീയ പാരമ്പര്യങ്ങൾ, വാസ്തുവിദ്യാ ചാരുത എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. നർമ്മദ, കാവേരി നദികളുടെ സംഗമസ്ഥാനത്തിനടുത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. നർമ്മദാ നദിയുടെ ഒഴുക്ക് രണ്ടായി പിരിഞ്ഞ് 'ഓം' എന്ന രൂപം നൽകുന്നു തീരത്തിന്. ആദി ശങ്കരാചാര്യരുടെ അദ്വൈത വേദാന്തമനുസരിച്ച്, ഓംകാരവും (ദിവ്യനാദം) ആകാരവും (സൃഷ്ടി) രണ്ടല്ല, ഒന്നുതന്നെയാണ്. ഈ പരമമായ ഐക്യത്തെയാണ് ഓംകാരേശ്വര ക്ഷേത്രം പ്രതിനിധീകരിക്കുന്നത്. രാമേശ്വരം മുതല്‍ കേദര്‍നാഥ് വരെ 12 ശിവക്ഷേത്രങ്ങളിലാണ് ശിവനെ ജ്യോതിര്‍ലിംഗമായി ആരാധിക്കപ്പെടുന്നു. ഈ പന്ത്രണ്ടു ക്ഷേത്രങ്ങളിൽ ഒന്നാണ് ഓംകാരേശ്വര ക്ഷേത്രം. സ്കന്ദപുരാണം, ശിവപുരാണം, വായുപുരാണങ്ങളിൽ ഈ ക്ഷേത്രത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. മൂന്ന് ലോകങ്ങളും ദിവസവും സഞ്ചരിച്ച ശേഷം ഭഗവാൻ ശിവൻ ഇവിടെ വിശ്രമിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഓംകാരേശ്വര ക്ഷേത്ര ചരിത്രം
നാഗര വാസ്തുവിദ്യയിലാണ് ഓംകാരേശ്വർ ക്ഷേത്രം പണിതിരിക്കുന്നത്. 11-ാം നൂറ്റാണ്ടിൽ മാൾവയിലെ പരമാര രാജാക്കന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. പരമാര രാജാക്കന്മാർക്ക് ശേഷം, ക്ഷേത്രത്തിന്റെ ഭരണം ചൗഹാൻ ഭരണാധികാരികൾ ഏറ്റെടുക്കുന്നു. 13-ാം നൂറ്റാണ്ടിൽ, മഹ്മൂദ് ഗസ്‌നി മുതലുള്ള മുസ്ലീം അധിനിവേശക്കർ ക്ഷേത്രം പല തവണ തച്ചുടയ്ക്കുന്നു, ക്ഷേത്രത്തിലെ സ്വത്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു. 1947-ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഖണ്ട്വ ഭരണകൂടത്തിന്റെ സഹായത്തോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ക്ഷേത്രത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഓംകാരേശ്വര ക്ഷേത്ര ഐതിഹ്യം
ഓംകാരേശ്വര ക്ഷേത്രത്തിന്റെ ആവിർഭാവമായി ബന്ധപ്പെട്ട ഒട്ടനവധി കഥകൾ പ്രചാരണത്തിലുണ്ട്. ഇവയിൽ ഏറെ പ്രശസ്തം വിന്ധ്യ പർവ്വതദേവനുമായി ബന്ധപ്പെട്ടതാണ്. അഹന്ത ബാധിച്ച വിന്ധ്യ പർവ്വതദേവൻ പാപമുക്തിക്കായി കളിമണ്ണിൽ ഒരു ശിവലിംഗം നിർമ്മിച്ച് കഠിന തപസ്സനുഷ്ഠിക്കുന്നു. ശിവൻ വിന്ധ്യന്റെ ഭക്തിയിൽ പ്രസാദിക്കുകയും ഓംകാരേശ്വർ, അമലേശ്വർ (മാമ്ലേശ്വർ) എന്നീ രണ്ട് രൂപങ്ങളിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുകയും ചെയ്‌തു. ഓം എന്ന രൂപത്തിലായിരുന്നു കളിമണ്ണ് പ്രത്യക്ഷപ്പെട്ടത് അതോടെ ഈ ദ്വീപ് ഓംകാരേശ്വര എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. ദാനവന്മാരാൽ തോൽപ്പിക്കപ്പെട്ട ദേവന്മാർ ശിവനെ അഭയം പ്രാപിച്ചപ്പോൾ, ഭഗവാൻ ഓംകാരേശ്വര ജ്യോതിർലിംഗമായി അവതരിച്ച് അസുരന്മാരെ പരാജയപ്പെടുത്തി എന്ന കഥയും പ്രചാരണത്തിലുണ്ട്.
ഇൻഡോറിൽ നിന്ന് ഏകദേശം 77 കിലോമീറ്ററും മോർട്ടക്കയിൽ നിന്ന് 13 കിലോമീറ്ററും അകലെയാണ് ക്ഷേത്രത്തിന്റെ സ്ഥാനം. ഖണ്ട്വ ജംഗ്ഷനും മോവുമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ശീതകാലമാണ് ക്ഷേത്രം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യയമായ സമയം.
Summary: The Omkareshwar Temple in Madhya Pradesh stands on an island shaped like the sacred symbol ‘Om’ (ॐ) in the Narmada River. It is one of the 12 Jyotirlingas of Lord Shiva and a major center of faith and spirituality.