മംഗലാപുരം: കർണാടകയിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, മുഖ്യമന്ത്രി സിദ്ധരാമയ്യയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. മംഗളൂരു യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരുനേതാക്കളും തമ്മിൽ ചർച്ച നടത്തിയത്.
സിദ്ധരാമയ്യ വിഭാഗത്തിലെ പ്രമുഖരായ മന്ത്രിമാർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അടുത്ത ബന്ധമുള്ള ലക്ഷ്മി ഹെബ്ബാൾക്കറും ചർച്ചയിൽ സന്നിഹിതയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും, പാർട്ടിയിലെ സമവായ ശ്രമങ്ങളോട് സിദ്ധരാമയ്യ വിഭാഗവും ഡി.കെ. ശിവകുമാർ വിഭാഗവും എങ്ങനെ പ്രതികരിക്കും എന്നതിനെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. കർണാടക രാഷ്ട്രീയത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ.