
2000 ത്തിന്റെ തുടക്കത്തിൽ തമിഴ്‌നാടിന്റെ തിരക്കേറിയ സേലം, ഈറോഡ്, കോയമ്പത്തൂർ നഗരങ്ങളിൽ ആകസ്മികമായി ഒരു ഭീതി പടർന്നു പിടിക്കുന്നു. രാത്രികളിൽ സ്ത്രീകൾ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. ഇരുട്ടിന്റെ മറവിൽ തങ്ങളുടെ മാനം പിച്ചിച്ചീന്തി കൊലപ്പെടുത്തുവാൻ അയാൾ പതുങ്ങി നിൽപ്പുണ്ട് എന്ന ഭീതിയായിരുന്നു അവരുടെ ഉള്ളിൽ. 2008 മുതൽ 2011 വരെ ദക്ഷിണേന്ത്യയിലെ പല നഗരങ്ങളിലായി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അവരെ ക്രൂരമായി കൊലപ്പെടുത്തുന്നു ഒരു കൊലയാളി, സന്ധ്യ മയങ്ങി ഇരുട്ട് വീണാൽ അയാൾ ഇരയെ തേടി ഇറങ്ങും. ഇരുട്ടിന്റെ മറവിൽ തന്റെ ട്രക്കിൽ പതുങ്ങിയിരിക്കും, ഒറ്റയ്ക്ക് ഒരു സ്ത്രീ അയാളുടെ മുന്നിൽ വന്നുപെട്ടാൽ കഥ കഴിഞ്ഞു. തലയ്ക്ക് അടിച്ചോ കുത്തിമുറിവേൽപ്പിച്ചോ ഇരകളെ കിഴടക്കുന്നു, ശേഷം അവരെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാകുന്നു. തുടർന്ന് നിഷ്കരുണം സ്ത്രീകളെ കൊലപ്പെടുത്തുന്നു. ഇരകളുടെ മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച് അയാൾ വീണ്ടും യാത്ര തുടരും, അടുത്ത ഇരയെ തേടി.
ഇത് സിനിമയല്ല. ഒരു സൈക്കോ ത്രില്ലെർ കഥയുമല്ല. ഒരുകാലത്ത് ദക്ഷിണേന്ത്യയെ തന്നെ ഭീതിയിലാഴ്ത്തി സൈക്കോ ശങ്കർ (Psycho Shankar) എന്ന കൊലയാളിയുട കഥയാണ്. പതിനഞ്ചോളം സ്ത്രീകളുടെ ജീവനാണ് ശങ്കർ കവർന്നത്. 30 സ്ത്രീകളെയാണ് അയാൾ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ആരാണ് സൈക്കോ ശങ്കർ ?
സേത്തിനടുത്തുള്ള കണ്ണിയൻപട്ടിയെന്ന ഗ്രാമത്തിലാണ് സൈക്കോ ശങ്കർ എന്ന എം. ജയശങ്കറിന്റെ (M. Jaishankar) ജനനം. ശങ്കർ ഒരു ട്രക്ക് ഡ്രൈവറായിരുന്നു. കല്യാണമൊക്കെ കഴിഞ്ഞ് ഇയാൾക്ക് മൂന്ന് പെൺമക്കളും ഉണ്ട്. സ്വന്തം ജീവിതത്തിന് മാത്രം പ്രാധാന്യം നൽകികൊണ്ട് കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച് അയാൾ നാടുവിടുന്നു. ട്രക്ക് ഡ്രൈവറായിരുന്നത് കൊണ്ട് തന്നെ അയാൾക്ക് യാത്ര നിത്യ തൊഴിലായിരുന്നു. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളും ശങ്കറിന് മനഃപാഠമാണ്. തമിഴ്, കന്നഡ, ആന്ധ്ര എന്നീ ഭാഷകൾ അയാൾ നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്നു.
2008 ഓടെയാണ് ശങ്കർ അയാളുടെ ഉള്ളിലെ ലൈംഗിക വൈകൃതങ്ങൾക്ക് സ്ത്രീകളെ ഇരയാക്കുവാൻ തുടങ്ങിയത്. രാത്രി കാലങ്ങളിൽ തനിച്ച് ഒരു സ്ത്രീയെ കണ്ടാൽ അയാൾ വെറുതെ വിടില്ല. ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നത് അയാൾക്ക് ദുർബലരായ സ്ത്രീകളെ, പ്രത്യേകിച്ച് രാത്രിയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുവാൻ കൂടുതൽ സഹായകമായി തീർന്നു. പലപ്പോഴും, സഹായം എന്ന വ്യാജേന അയാൾ ഇരകൾക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുമായിരുന്നു. ചില സന്ദർഭങ്ങളിൽ, ശങ്കർ ഇരകളെ ബലമായി തട്ടിക്കൊണ്ടു പോകും. സ്ത്രീകൾ അയാളുടെ വാഹനത്തിൽ കയറിയാൽ, ഒറ്റപ്പെട്ട കെട്ടിടങ്ങളോ, വയലുകളോ ലക്ഷയമാക്കി സഞ്ചരിക്കും. തുടർന്ന് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കും.
ആക്രമണത്തിനുശേഷം, അയാൾ ഇരകളെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്നു. ചില സന്ദർഭങ്ങളിൽ ഇരകൾ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തും. ശേഷം ശവശരീരങ്ങൾ മൃതദേഹങ്ങൾ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിച്ച് കടന്നുകളയുന്നു. തെളിവുകളെയും സാക്ഷികളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഏറെ ശ്രദ്ധയോടെയാണ് ശങ്കർ ഓരോ കൊലപാതകവും നടത്തിയിരുന്നത്.
2009 ൽ നാൽപ്പത്തിയഞ്ച് വയസുകാരിയായ ശ്യാമളയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിനാണ് ശങ്കറിനെതിരെ ആദ്യമായി ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2009 ആഗസ്റ്റ് ആയപ്പോഴേക്കും ശങ്കർ 12 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ആറോളം സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. ആദ്യമൊക്കെ ലൈംഗിക തൊഴിലാളികളായിരുന്നു ശങ്കറിന്റെ ഇര. എന്നാൽ ലൈംഗിക തൊഴിലാളികളെ കൊലപ്പെടുത്തുന്നതിൽ അയാൾ തൃപ്തനായിരുന്നില്ല. അതോടെ രാത്രി കാലങ്ങളിൽ വഴിയോരത്ത് തനിച്ച് നിൽക്കുന്ന സ്ത്രീകളെ തേടിയായി ശങ്കറിന്റെ യാത്ര.
കൈയിലെപ്പോഴും ഒരു കറുത്ത ബാഗും, അതിനുള്ളിൽ ഇരകളുടെ ജീവൻ അപഹരിക്കാൻ വേണ്ടി മൂർച്ചയേറിയ ഒരു കത്തിയും കാണും. കാങ്കേയം വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ജയമണിയെ 2009 ഓഗസ്റ്റ് 23 ന് ശങ്കർ തട്ടിക്കൊണ്ടു പോകുന്നു. അന്ന് ഉപമുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ സന്ദർശന വേളയിൽ പെരുമാനല്ലൂരിൽ താൽക്കാലിക ഡ്യൂട്ടിയിലായിരുന്നു ജയമണി. ജയമണിയുടെ തിരോധാനത്തിന് പിന്നാലെ പോലീസ് അന്വേഷണം നടത്തുന്നു. എന്നാൽ ജയമണിയെ കുറിച്ച് യാതൊരു തുമ്പും ലഭിക്കുന്നില്ല. കൃത്യം ഒരു മാസം കഴിഞ്ഞ് ജയമണിയുടെ ശവശരീരമാണ് പോലിസിന് കണ്ടുകിട്ടുന്നത്. ക്രൂരമായ ബലാത്സംഗത്തിന് ഇരയായാണ് ജയമണി കൊല്ലപ്പെട്ടിരിക്കുന്നത്. പോലീസുകാരുടെ മരണ വാർത്ത കാട്ടുതീ പോലെ എങ്ങും പടർന്നു. പോലീസ് കൊലയാളിക്കായി ഉർജ്ജിതമായ അന്വേഷണം നടത്തി. ഒടുവിൽ ശങ്കറാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുന്നു. അതോടെ ശങ്കറിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.
സേലം ഹൈവേയ്ക്ക് അരികിലായി ഒരു സ്ത്രീയെ ശങ്കർ പീഡിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ എങ്ങനെയോ ശങ്കറിന്റെ കൈകളിൽ നിന്നും സ്ത്രീ രക്ഷപ്പെടുന്നു. അവർ ജീവനും കൊണ്ട് ഓടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തുന്നു, തന്നെ ആക്രമിച്ച് ആ മനുഷ്യനെ കുറിച്ച് പോലീസിനോട് പറയുന്നു. അതോടെ തങ്ങൾ തേടുന്നു ജയമണിയുടെ കൊലപാതകിയാണ് ഈ സ്ത്രീയെയും പീഡിപ്പിക്കാൻ ശ്രമിച്ചത് എന്ന് പോലീസിന് വ്യക്തമാകുന്നു. തിരച്ചിലിനൊടുവിൽ, 2009 ഒക്ടോബർ 19 ശങ്കർ പോലീസിന്റെ പിടിയിലാകുന്നു. എന്നാൽ 2011ൽ കോടതിയിൽ ഹാജരാക്കി കോയമ്പത്തൂർ ജയിലിലേക്കു കൊണ്ടുപോകവെ സേലത്തു വച്ച് തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ നിന്നു ശങ്കർ കടന്നു കളഞ്ഞു.
അന്ന് രക്ഷപ്പെട്ട ശങ്കർ നേരെ ചെന്നെത്തിയത് കർണാടകയിലാണ്. അവിടെയും ശങ്കർ വീണ്ടും സ്ത്രീകളെ കൊലപ്പെടുത്തി. എന്നാൽ പിന്നെയും അയാളെ പോലീസ് പിടികൂടുന്നു. എന്നാൽ ഇത്തവണ ജയിൽ ചാടി രക്ഷപ്പെടുന്നു. പിന്നെയും പോലീസ് അയാൾ പിടികൂടുന്നു. പോലീസുകാരെ നോക്കുകുത്തിയാക്കി കൊണ്ട് 2018 ഫെബ്രുവരി 25 ന് വീണ്ടും അതിവിദക്തമായി ശങ്കർ രക്ഷപ്പെടുന്നു. എന്നാൽ അത് ജയിൽ ചാട്ടമായിരുന്നില്ല. ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ പുലര്‍ച്ചെ രണ്ടരയോടെ കൈയിൽ കൈയിൽ കരുതിയ ബ്ലായിഡ് കൊണ്ട് കഴുത്ത് അറുത്ത് ശങ്കർ ആത്മഹത്യ ചെയ്യുകയായിരുന്നു.