
മേഘാലയയുടെ (Meghalaya) പടിഞ്ഞാറൻ ജൈന്തിയ ഖാസി മലനിരകൾക്കിടയിലൂടെ സ്ഫടികം പോലെ തിളങ്ങുന്ന ഒരു നദിയുണ്ട്. ഏഷ്യയിലെ ഏറ്റവും ശുദ്ധമായ നദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദവ്‌കി നദി (Dawki River). ഈ നദിയുടെ അടിത്തട്ടിലെ ഓരോ കല്ലുകൾ പോലും വ്യക്തമായി കാണുവാൻ കഴിയുന്നു. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തിയിലൂടെ ഒഴുക്കുന്ന ഈ നദിക്ക് സവിശേഷതകൾ ഏറെയാണ്. മേഘാലയയിലെ വശ്യമായ മനോഹാരിതയെ ഉള്ളിൽ ഒളിപ്പിച്ച ഈ നദിയിലേക്ക് ഒരു യാത്ര പോയാലോ.
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ (Shillong) നിന്ന് 75 കിലോമീറ്റർ അകലെയുള്ള ദവ്‌കി ഗ്രാമം, ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് പളുങ്കുപോലെയുള്ള ദവ്‌കി നദി ഒഴുകുന്നത്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് ഒഴുകുന്ന നദിയെന്ന ഖ്യാതിയും ദവ്‌കി നദിയ്ക്ക് സ്വന്തമാണ്. ഈ ഗ്രാമം താരതമ്യേന തിരക്കേറിയതും ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലെ ഒരു വ്യാപാര പാത കൂടിയാണ്. 82 കിലോമീറ്റർ നീളമുള്ള നദി ജൈന്തിയ ഖാസി കുന്നുമലനിരകകളെ തഴുകിപ്പുണർന്ന് ബംഗ്ലാദേശ് സമതലങ്ങളിൽ എത്തിച്ചേരുന്നു. ഉംഗോട്ട് (Umngot River) എന്നും അറിയപ്പെടുന്ന നദി സഞ്ചാരികൾക്ക് പ്രകൃതിയുടെ മാസ്മരിക ലോകം തുറന്നു കാട്ടുന്നു.
ഈ നദിയുടെ നീങ്ങുന്ന ചെറു വള്ളങ്ങളെ കണ്ടാൽ, വള്ളങ്ങൾ അന്തരീക്ഷത്തിലൂടെ ഒഴുകുന്നതായാണ് തോന്നുക. ഗണ്യമായ ആഴത്തിൽ പോലും നദീതടം ദൃശ്യമാകുന്നതിനാൽ നദിയുടെ അടിത്തട്ടിലെ ഉരുളൻകല്ലുകളും, നീന്തി തുടിക്കുന്ന കുഞ്ഞൻ മിനുകളെയും ഒരു കണ്ണാടി എന്നവണ്ണം കാണുവാൻ സാധിക്കുന്നതാണ്. നല്ല സൂര്യ പ്രകാശം ലഭിക്കുന്ന ദിനങ്ങളിൽ നദിയുടെ അടിത്തട്ട് കൂടുതൽ വ്യക്തമായി കാണുവാൻ സാധിക്കുന്നു. മേഘാലയയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ദവ്‌കി നദി. കേട്ടറിവ് മാത്രമുള്ള നദിയെ നേരിട്ട് കാണുവാനായി നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. സഞ്ചാരികൾക്ക് തങ്ങുവാനായി അധികൃതർ തന്നെ നദിക്കരയിൽ ചെറു ടെന്റുകൾ ഒരിക്കിയിട്ടുണ്ട്.
ദവ്‌കി നദിയുടെ മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ് നദിയുടെ കുറുകെ സ്ഥിതിചെയുന്ന തൂക്ക് പാലം. ഈ തൂക്ക് പാലം ഇന്ത്യയേയും ബംഗ്ലാദേശീനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 1932ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ പാലം നിർമ്മിക്കുന്നത്. ജയന്തിയാ കുന്നുകളെയും ഖാസി കുന്നുകളെയും ബന്ധിപ്പിക്കുന്ന ഈ പാലം, താഴെയുള്ള നദിയുടെ അതിമനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് പ്രദാനം ചെയ്യുന്നു. ദവ്‌കി നദിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് നദിയിലെ ബോട്ട് സവാരിയാണ്. നാമമാത്രമായ നിരക്കിൽ, സന്ദർശകർക്ക് 20 മുതൽ 30 മിനിറ്റ് ബോട്ടിലൂടെ നദി ചുറ്റി കാണാവുന്നതാണ്. പച്ചപ്പ് വിരിച്ച ഖാസിയുടെയും ജൈന്തിയ കുന്നുകളുടെയും, നദീതടത്തിന്റെയും മനോഹരമായ കാഴ്ചകൾ തീർത്തും അവിസ്മരണീയമാണ്.
ദവ്‌കി നദി അതിന്റെ തീരങ്ങളിൽ വസിക്കുന്ന മനുഷ്യരുടെ "ജീവരേഖ" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മത്സ്യബന്ധനമാണ് ഇവിടുത്തെ പ്രധാന ജീവിതമാർഗം. അതിനാല്‍ തന്നെ ദവ്‌കി നദിയെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യബന്ധന തൊഴിലാളികൾ ഏറെയാണ്. ഇന്ത്യക്കാര്‍ക്കും ബംഗ്ലാദേശികള്‍ക്കും ഒരു പോലെ കച്ചവടം നടത്താനും സാധനങ്ങള്‍ വാങ്ങാനും അവസരം ഒരുക്കുന്ന ഒരു കൊച്ച് മാര്‍ക്കറ്റും ഇവിടെയുണ്ട്.
നവംബർ മുതൽ ഏപ്രിൽ വരെയാണ് നദി സന്ദർശിക്കുവാനുള്ള ഏറ്റവും ഉചിതമായ സമയം. മഴക്കാലമായാൽ നദി കരകവിഞ്ഞു ഒഴുകുന്നതിനാൽ ഇവിടേക്കുള്ള യാത്ര ദുഷ്കരമാണ്. എന്നിരുന്നാലും യാത്ര ക്ലേശങ്ങൾ വകവയ്ക്കാതെ ദിനംപ്രതി ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളുട എണ്ണത്തിൽ ദിനംപ്രതി വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും ശുദ്ധമായ നദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും സഞ്ചാരികളുടെ വൻ വർദ്ധനവ് തന്നെയാണ്. വിനോദസഞ്ചാര മേഖലയിലെ വർദ്ധനവ് നദിയുടെ മലിനീകരണത്തെയും അതിന്റെ പ്രാകൃത അവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുകയാണ്. നദിയെയും അതിന്റെ ചുറ്റുപാടുകളെയും സംരക്ഷിക്കുന്നതിനായി ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സജീവമായി രംഗത്തുണ്ട്.