ന്യൂഡൽഹി: കേരളത്തിലെ സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല വി.സി. നിയമന തർക്കത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വി.സി. നിയമനം കോടതി ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി കർശന താക്കീത് നൽകി.(The court will take over the appointment, Supreme Court issues stern warning on VC appointment)
ജസ്റ്റിസ് ജെ.ബി. പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. പുരോഗതിയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് തീരുമാനമായില്ലെന്നാണ് ഗവർണറും സംസ്ഥാന സർക്കാരും മറുപടി നൽകിയത്. ഗവർണർക്കു വേണ്ടി ഹാജരായ അറ്റോണി ജനറൽ (എ.ജി.) ആർ. വെങ്കിട്ടരമണി കോടതിയിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി യോഗ്യത പരിഗണിക്കുന്നില്ലെന്നും മെറിറ്റ് അവഗണിച്ചുവെന്നും എ.ജി. ആരോപിച്ചു.
രണ്ട് പട്ടികയിലും പേരുള്ളവരല്ലേ കൂടുതൽ യോഗ്യർ എന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. ഗവർണർ യാത്രയിലാണെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും എ.ജി. അറിയിച്ചതിനെ തുടർന്ന് സമവായത്തിന് ശ്രമിക്കണമെന്ന് നിർദേശിച്ച് കോടതി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. സമവായത്തിലെത്തിയില്ലെങ്കിൽ, ജസ്റ്റിസ് സുധാൻഷു ധൂലിയ നൽകിയ പട്ടികയിൽ നിന്ന് ഏറ്റവും യോഗ്യതയുള്ളവരെ കോടതി നേരിട്ട് നിയമിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ചാൻസലറായ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്നലെ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു. ധൂലിയ സമിതി നൽകിയ രണ്ട് പട്ടികയിലും ഇടം നേടിയവരാണ് ഇവരെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ സത്യവാങ്മൂലം. സമിതി നൽകിയ റിപ്പോർട്ടിലെ മെറിറ്റ് മുഖ്യമന്ത്രി അട്ടിമറിച്ചുവെന്നാണ് ഗവർണറുടെ ആരോപണം.
വിസിയായിരുന്ന കാലത്ത് സർവകലാശാലയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി മാധ്യമവാർത്തകൾ ആയുധമാക്കി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണറുടെ സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരം സി. സതീഷ് കുമാറിനെ കെ.ടി.യു. വി.സി.യായും സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാല വി.സി.യായും നിയമിക്കാനാണ് സംസ്ഥാന സർക്കാർ നിർദേശിച്ചത്.