The country debates Rahul Gandhi's allegations, and the Election Commission is in trouble

'ഹൈഡ്രജൻ ബോംബ്' പൊട്ടി: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്ത് രാജ്യം, പ്രതിരോധത്തിലായി തിരഞ്ഞെടുപ്പ് കമ്മീഷൻ | Rahul Gandhi

കോൺഗ്രസ് വോട്ട് കൊള്ളയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നു
Published on

ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് രാഹുൽ ഗാന്ധി നടത്തിയ 'ഹൈഡ്രജൻ ബോംബ്' വാർത്താ സമ്മേളനത്തിലെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കടുത്ത പ്രതിരോധത്തിലാക്കി. കമ്മീഷനെതിരെയും ബി.ജെ.പി.ക്കെതിരെയും രാഹുൽ ഉന്നയിച്ച ഗുരുതര ആരോപണങ്ങളോട് ദിവസങ്ങൾ പിന്നിടുമ്പോഴും ഔദ്യോഗികമായി പ്രതികരിക്കാൻ കമ്മീഷൻ തയ്യാറായിട്ടില്ല. ഈ മൗനം ആയുധമാക്കിക്കൊണ്ട് കോൺഗ്രസ് 'വോട്ട് കൊള്ള' ആരോപണത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുകയാണ്.(The country debates Rahul Gandhi's allegations, and the Election Commission is in trouble)

ഹരിയാനയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് കൃത്യമായ തെളിവുകൾ നിരത്തിയാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്. ക്രമക്കേടുകൾക്ക് കേന്ദ്രീകൃത സ്വഭാവമുണ്ടെന്നും രാഹുൽ ആരോപിക്കുന്നു. ഹരിയാനയിൽ മാത്രം ഏകദേശം 25 ലക്ഷത്തോളം കള്ളവോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ട്.

75 വയസ്സുള്ള ചരൺജീത് കൗർ എന്ന സ്ത്രീയുടെ ചിത്രം 223 തവണ വോട്ടർ ലിസ്റ്റിൽ ആവർത്തിച്ചു വന്നു. വ്യാജ മേൽവിലാസത്തിൽ 93,174 വോട്ടുകൾ ചേർത്തു. മികച്ച വീടുകളുള്ളവർക്ക് പോലും 'ഹൗസ് നമ്പർ സീറോ' നൽകി കൃത്രിമം കാണിച്ചു. ഒരേ മേൽവിലാസത്തിൽ നൂറുകണക്കിന് ആളുകളെ ചേർത്ത ഇത്തരത്തിലുള്ള 19,26,351 വോട്ടുകൾ വേറെയുമുണ്ട്.

പത്ത് ബൂത്തുകളിലായി 22 വോട്ടർമാരുടെ ചിത്രം ഒരു ബ്രസീലിയൻ മോഡലിന്റേതാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഹരിയാനയിൽ വോട്ട് ചെയ്ത പല ബി.ജെ.പി. നേതാക്കൾക്കും ഉത്തർപ്രദേശിലും വോട്ടുണ്ടെന്നതിനും തെളിവുകൾ നൽകി. മൂന്നര ലക്ഷത്തോളം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. ബീഹാറിലെ 'തീവ്ര പരിഷ്കരണം' വഴി വോട്ട് നഷ്ടപ്പെട്ട വികലാംഗർ ഉൾപ്പെടെയുള്ളവരെ രാഹുൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

ചെറിയ വ്യത്യാസത്തിൽ തോറ്റ ഹരിയാനയിലെ എട്ട് സീറ്റുകളിലെ ആകെ വോട്ട് വ്യത്യാസം 22,000 മാത്രമാണ്. ഈ കള്ളവോട്ടുകൾ കോൺഗ്രസിന് അധികാരം നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും രാഹുൽ ആരോപിച്ചു. രാഹുലിന് വൈകാതെ വിശദമായി മറുപടി നൽകുമെന്ന് പറഞ്ഞ ഹരിയാനയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മൗനം പാലിക്കുകയാണ്.

വോട്ട് തട്ടിപ്പ് ആരോപണം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ച കോൺഗ്രസ്, വോട്ട് കൊള്ളയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലായി ഒപ്പുശേഖരണം നടത്താനും, അതിനുശേഷം രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Times Kerala
timeskerala.com