
ന്യൂഡൽഹി: 11-ാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ച് ലോകം(International Yoga Day). "ഒരു ഭൂമിക്ക് യോഗ, ഒരു ആരോഗ്യം" എന്ന പ്രമേയമാണ് ഇത്തവണത്തെ യോഗാദിനം മുന്നോട്ടു വയ്ക്കുന്നത്. വിശാഖപട്ടണത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി. വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 26 കിലോമീറ്ററിൽ രാവിലെ 6 മണിക്ക് തന്നെ യോഗാ പ്രവർത്തനങ്ങൾ ആരംഭിച്ചു. 3 ലക്ഷത്തോളം പേർ യോഗ പരിശീലനത്തിന് എത്തിയതായാണ് വിലയിരുത്തൽ. അതേസമയം 2 കോടിയിലധികം ജനങ്ങൾ യോഗാ ദിനാചരണത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യോഗാ ദിനാചരണത്തിൽ പങ്കെടുക്കുന്നവർക്കായി 3.32 ലക്ഷം ടീ-ഷർട്ടുകളും 5 ലക്ഷം യോഗ മാറ്റുകളും അധികൃതർ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തു. യോഗയിൽ പങ്കെടുക്കുന്നവരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരാൻ 3,000 ത്തിലധികം ബസുകൾ ഏർപ്പാടാക്കിയിരുന്നു. മാത്രമല്ല, ഇവിടെ പതിനായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ 1,200 സി.സി.ടി.വി ക്യാമറകളിലൂടെയും ഡ്രോൺ നിരീക്ഷണത്തിലൂടെയും നിരീക്ഷണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.