ന്യൂഡൽഹി: എഴുപത്തിയാറാം ഭരണഘടനാ ദിനത്തിൽ രാജ്യത്തെ ഭരണഘടനയുടെ പേരിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്. ഭരണത്തിലിരുന്നപ്പോൾ ഭരണഘടനാ വാർഷികം ആഘോഷിക്കാൻ പോലും കോൺഗ്രസ് മിനക്കെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചപ്പോൾ, ഭരണഘടനയുടെ സംരക്ഷകനാണ് താനെന്നും ആക്രമണം അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി തിരിച്ചടിച്ചു.(The Constitution shows the path to nationalism, says the President)
പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു. കൊളോണിയൽ ചിന്താഗതി ഉപേക്ഷിച്ച് ദേശീയതയിലേക്ക് ഭരണഘടന വഴികാട്ടുകയാണെന്ന് രാഷ്ട്രപതി ചടങ്ങിൽ പറഞ്ഞു.
ഭരണഘടനാ ദിനത്തിൽ എഴുതിയ കത്തിലൂടെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ഒളിയമ്പെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2010-ൽ ആനപ്പുറത്തേറ്റി ഭരണഘടനാ ഘോഷയാത്ര നടത്തിയത് പ്രധാനമന്ത്രി കത്തിൽ ഓർമ്മിപ്പിച്ചു. എന്നാൽ അതേ വർഷം ദേശീയ തലത്തിൽ കാര്യമായ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനയുടെ അറുപതാം വാർഷിക ദിനത്തിൽ രാജ്യം ഭരിച്ച പാർട്ടി ഭരണഘടനാ ആഘോഷത്തിന് വലിയ പ്രാധാന്യം നൽകിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി തന്റെ കത്തിലൂടെ വിഷയം വ്യക്തിപരമാക്കുകയും ചെയ്തു. സമൂഹത്തിൽ പിന്നാക്കം നിന്ന ഒരു കുടുംബത്തിൽ നിന്ന് താൻ പ്രധാനമന്ത്രി പദം വരെ എത്തിയത് ഭരണഘടനയുടെ ശക്തികൊണ്ടാണെന്ന് മോദി പറഞ്ഞു. 2014-ൽ പാർലമെന്റിൽ ആദ്യം എത്തിയപ്പോൾ പടിക്കെട്ടിനെ വണങ്ങിയതും, എഴുപത്തിയഞ്ചാം വാർഷികത്തിൽ ഭരണഘടനയെ ശിരസോട് ചേർത്ത് വന്ദിച്ചതും അദ്ദേഹം കത്തിൽ വിശദീകരിച്ചു.
ഭരണഘടനയ്‌ക്കെതിരെ വലിയ ആക്രമണം നടക്കുകയാണെന്നും അതിനെ ചെറുക്കാൻ മുന്നിൽ നിന്ന് പോരാടുകയാണ് താനെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അവസരം കിട്ടുമ്പോഴെല്ലാം ഭരണഘടനയെ താഴ്ത്തിക്കെട്ടാനും ആക്രമിക്കാനും ശ്രമിച്ചവരാണ് ആർ.എസ്.എസ്. എന്നും അതിനാൽ ഭരണഘടനാ ദിനത്തെക്കുറിച്ച് വാചാലരാകാൻ അവർക്ക് ധാർമ്മിക അവകാശമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും വിമർശിച്ചു.
പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു ഒന്നൊന്നായി വിശദീകരിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് മുക്തി നേടണമെന്ന് പ്രധാനമന്ത്രി ആവർത്തിക്കുന്നതിനിടെയാണ്, ആ ചിന്താഗതിയിൽ നിന്ന് ദേശീയതയിലേക്കുള്ള വഴിയാണ് ഭരണഘടന കാട്ടുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടിയത്. രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.