
ന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിൽനിന്ന് കോൺഗ്രസ് മാറി നിൽക്കണമെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യർ. നേതൃസ്ഥാനം ആഗ്രഹിക്കുന്നവർ സഖ്യത്തിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടേയെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രാപ്തിയും കഴിവുമുള്ള നേതാവാണെന്നും ശങ്കർ പറഞ്ഞു. (mani shankar aiyar)
'ഇൻഡ്യ സഖ്യത്തിന്‍റെ നേതൃസ്ഥാനത്തേക്ക് വരുന്നതിൽനിന്ന് കോൺഗ്രസ് മറിനിൽക്കുകയാണ് വേണ്ടത്. ആരാണോ നേതൃസ്ഥാനം ആഗ്രഹിക്കുന്നത് അവർ നയിക്കട്ടെ. മമതാ ബാനർജിക്ക് കഴിവും പ്രാപ്തിയുമുണ്ട്…സഖ്യത്തിൽ കഴിവുള്ള മറ്റു നേതാക്കളുമുണ്ട്. അതുകൊണ്ട്, ആരാണ് നേതാവാകുന്നത് എന്നത് എനിക്ക് പ്രശ്‌നമല്ല, കാരണം സഖ്യത്തിൽ കോൺഗ്രസിന്‍റെയും പാർട്ടി നേതാക്കളുടെയും സ്ഥാനം എല്ലായ്പ്പോഴും പ്രധാനമായിരിക്കുമെന്ന് ഞാൻ കരുതുന്നു. അതുമാത്രമല്ല, ഇൻഡ്യ മുന്നണിയിലെ നിർണായക ശക്തിയായിരിക്കും. സഖ്യത്തിന്‍റെ അധ്യക്ഷനെന്ന നിലയിൽ രാഹുലിന് ലഭിക്കുന്നതിനേക്കാൾ ബഹുമാനത്തോടെയായിരിക്കും അദ്ദേഹത്തോട് മറ്റുള്ളവർ പെരുമാറുകയെന്ന് എനിക്ക് ഉറപ്പുണ്ട്' -മണിശങ്കർ അയ്യർ പറഞ്ഞു. 'എ മാവെറിക് ഇൻ പൊളിറ്റിക്സ്' എന്ന തന്‍റെ ആത്മകഥയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാനിരിക്കുന്ന പശ്ചാത്തലത്തിൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശങ്കറിന്‍റെ പ്രതികരണം.