

ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിൽ ഒരു ക്ഷേത്രമുണ്ട്, ബ്രഹ്മബാബ ക്ഷേത്രം ( Brahma Baba Temple). നൂറ്റാണ്ടുകളായി ആരാധനാകേന്ദ്രമായ ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം ഇവിടെ നടത്തുന്ന വഴിപാടിലാണ്. ഇവിടെ വരുന്ന ഭക്തരുടെ പ്രാർത്ഥനകൾ സഫലമായാൽ ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് ഏറെ വിചിത്രമായ ഒരു വഴിപാടാണ്. മറ്റു ക്ഷേത്രങ്ങളിലെ വഴിപാടുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഭക്തർ സമർപ്പിക്കുന്നത് ഘടികാരങ്ങളും വാച്ചുകളുമാണ്. സമയനിഷ്ഠയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ അസാധാരണ ആചാരം, ഇന്ത്യയുടെ ഭൂപടത്തിലെ ഒരു കൗതുകമായി സ്ഥാനം വഹിക്കുന്നു.
ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ ജഗർനാഥ്‌പൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർ മാലകൾക്ക് പകരം വാച്ചുകൾ സമർപ്പിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ഏകദേശം 30 വർഷത്തോളം പഴക്കമുള്ളതാണ് ഈ പാരമ്പര്യം. ഘാഡി ബാബ ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ബ്രഹ്മബാബ ക്ഷേത്രം ആരാണ് നിർമ്മിച്ചതെന്നോ ഇതിന്റെ ചരിത്രം എന്താണെന്നോ ആർക്കും അറിയില്ല. എന്നിരുന്നാലും, ഈ ക്ഷേത്രം പതിറ്റാണ്ടുകളായി ഇവിടെയുണ്ട്. ജുനപൂർദ ഗ്രാമത്തിൽ നിന്നുള്ള ഒരു വ്യക്തിയാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിൽ എന്നാണ് വിശ്വാസം.
ക്ഷേത്രത്തിന് പുറത്ത് ഒരു ആൽമരമുണ്ട്, ഈ മരത്തിലാണ് ഭക്തർ നേർച്ചയായ ക്ലോക്കുകൾ സമർപ്പിക്കുന്നത്. നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ ദിവസേന എത്തുന്നത്. ഇങ്ങനെ എത്തുന്ന ഭൂരിഭാഗം ഭക്തരുടെ കൈയിലും ഒരു വാച്ചോ, ഘടികാരമോ ഉണ്ടാകും. ക്ഷേത്രത്തിന് പുറത്ത് ഭക്തർ ആൽമരത്തിൽ തൂക്കിയിടുന്ന വാച്ചുകൾ ആരും മോഷ്ട്ടിക്കാറില്ല, യാതൊരു കാവലും കൂടാതെ ക്ഷേത്രത്തിലുള്ള ഈ വാച്ചുകൾ നാളിതുവരെ ആരും തന്നെ അപഹരിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്.
പ്രാദേശിക ഐതിഹ്യങ്ങൾ അനുസരിച്ച്, ഡ്രൈവർ ആകാനുള്ള ആഗ്രഹവുമായി ക്ഷേത്രത്തിൽ എത്തിയ ഒരു വ്യക്തി പ്രാർത്ഥിക്കുന്നു. അധികം വൈകാതെ അയാളുടെ ആഗ്രഹം സഫലമാകുന്നു. അതോടെ തിരികെ ക്ഷേത്രത്തിലെത്തിയ ഭക്തൻ ഒരു വാച്ച് നേർച്ചയായി സമർപ്പിക്കുന്നു. ഈ വിചിത്രമായ നേർച്ചയുടെ വാർത്ത ഗ്രാമത്തിൽ മുഴുവൻ പരക്കുന്നു. അങ്ങനെ വിദൂര ദേശങ്ങളിൽ നിന്നുള്ളവർ പോലും ക്ഷേത്രത്തിലെ പ്രാർത്ഥിച്ച്, വാച്ചുകൾ നേർച്ചയായി നൽകാൻ തുടങ്ങി.
പുതിയ ജോലി ലഭിക്കാനും ഡ്രൈവിംഗ്, മെക്കാനിക്കൽ ജോലി, കമ്പ്യൂട്ടർ പ്രവർത്തനം തുടങ്ങിയ പുതിയ കഴിവുകൾ നേടാനും വേണ്ടിയാണ് ഭക്തർ പ്രധാനമായും ഇവിടെ എത്തുന്നത്. ജോലി സംബന്ധമായ കാര്യങ്ങളും, ജീവിതത്തിൽ കൃത്യ സമയത്തിന് കാര്യങ്ങൾ നടക്കാനും വേണ്ടി ഭക്തർ ഇവിടെയെത്തി പ്രാർത്ഥിക്കുന്നു. ആഗ്രഹങ്ങൾ സഫലമാകുമ്പോൾ ഭഗവാനോട് നന്ദി പ്രകടിപ്പിക്കാൻ 'സമയത്തെ' (ഘടികാരത്തെ) തന്നെ സമർപ്പിക്കുന്നു എന്നാണ് വിശ്വാസം.