
ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ നീല ഡ്രമ്മിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, രാജസ്ഥാനിലെ ഖൈർത്തൽ തിജാര ജില്ലയിലെ കിഷൻഗഡ്ബാസ് പട്ടണത്തിലും സമാനമായ ഒരു സംഭവം പുറത്തുവന്നു. ഇവിടുത്തെ ആദർശ് കോളനിയിലെ ഒരു വീടിന്റെ മേൽക്കൂരയിൽ സൂക്ഷിച്ചിരുന്ന നീല ഡ്രമ്മിനുള്ളിൽ ഒരു യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു. തുടർന്ന് മേൽക്കൂരയിൽ അന്വേഷണം നടത്തിയപ്പോൾ അവിടെ സൂക്ഷിച്ചിരുന്ന ഡ്രമ്മിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഡ്രം തുറന്നപ്പോൾ യുവാവിന്റെ മൃതദേഹം അതിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ വീട്ടുടമസ്ഥൻ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഉത്തർപ്രദേശ് സ്വദേശിയായ ഹൻസ്രാജ് എന്ന സൂരജ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം മുമ്പാണ് ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം ഈ വാടക വീട്ടിൽ യുവാവ് താമസിക്കാൻ തുടങ്ങിയത്. അടുത്തുള്ള ഒരു ഇഷ്ടിക ചൂളയിൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് ഇവിടെ താമസിക്കാനായി എത്തുകയായിരുന്നു.
അതേസമയം , മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഹൻസ്രാജിന്റെ ഭാര്യ, മൂന്ന് കുട്ടികൾ, വീട്ടുടമസ്ഥന്റെ മകൻ ജിതേന്ദ്ര എന്നിവരെ കാണാതായതായാണ് പോലീസ് പറയുന്നത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ടെറസിലേക്ക് പോയപ്പോൾ ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടതായി വീട്ടുടമസ്ഥ മിതലേഷ് പറഞ്ഞു. അന്വേഷണത്തിൽ, നീല നിറത്തിലുള്ള ഡ്രമ്മിൽ നിന്നാണ് ദുർഗന്ധം വരുന്നതെന്ന് കണ്ടെത്തി, അതിൽ മൃതദേഹം ഉപ്പ് ഇട്ട് അലിയിക്കാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
എഫ്‌എസ്‌എൽ സംഘം സ്ഥലത്തുനിന്ന് ആവശ്യമായ തെളിവുകൾ ശേഖരിച്ചതായി കിഷൻഗഡ്ബാസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജേന്ദ്ര സിംഗ്, പോലീസ് സ്റ്റേഷൻ ഓഫീസർ ജിതേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് അയച്ചിട്ടുണ്ട്. മരണകാരണവും കേസിന്റെ സത്യാവസ്ഥയും റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ വെളിപ്പെടുത്തൂ എന്നും പോലീസ് പറഞ്ഞു.