കൊളംബിയ : ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഇഐഎ സർവകലാശാലയിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ളയെക്കുറിച്ച് സൂചിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരുന്നു രാഹുലിന്റെ വാക്കുകള്‍.
ഇന്ത്യയിൽ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. ഒരു ജനാധിപത്യ സംവിധാനം ഇത്തരത്തില്‍ എല്ലാവര്‍ക്കും ഇടംനല്‍കുന്നതാകണം. എന്നാല്‍, ഇപ്പോള്‍ ജനാധിപത്യ സംവിധാനം എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കപ്പെടുകയാണ്. 1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയ്ക്ക് വളരെയധികം സാധ്യതകളുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് ചൈനയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംവിധാനമാണുള്ളത്. ലോകത്തിനായി ഇന്ത്യയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതേസമയം, ഇന്ത്യന്‍ ഘടനയ്ക്കുള്ളില്‍ ചില പിഴവുകളുണ്ട്. ഇന്ത്യ മറികടക്കേണ്ട അപകടങ്ങളുണ്ട്.
ഏറ്റവും വലിയ അപകടസാധ്യത ജനാധിപത്യത്തിനെതിരെ നടക്കുന്ന ആക്രമണമാണ്. ഇന്ത്യയില്‍ എല്ലാ ആളുകള്‍ക്കും ഇടം ആവശ്യമാണ്. വ്യത്യസ്ത പാരമ്പര്യങ്ങള്‍, മതങ്ങള്‍, ആശയങ്ങള്‍ എന്നിവയ്ക്ക് ഇടം ആവശ്യമാണ്. ആ ഇടം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ജനാധിപത്യ സംവിധാനമാണ്. നിലവില്‍, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിനെതിരെ മൊത്തത്തിലുള്ള ആക്രമണം നടക്കുന്നുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.