
കുറ്റകൃത്യങ്ങളുടെ സാമ്രാജയം, മുംബൈ. അതിവേഗം ഓടുന്ന നഗരത്തിൽ കുറ്റകൃത്യങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത കാലം. 2006 ഒക്ടോബർ 5, സൗത്ത് മുംബൈയിലെ മറൈന്‍ ലൈന്‍സ് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിന് സമീപതായി ഒരു പുരുഷന്റെ ശവശരീരം കണ്ടുകിട്ടുന്നു. പോലീസ് അത് ആരാണ് എന്താണ് എന്നൊക്കെ അറിയുവാൻ വേണ്ടിയുള്ള അന്വേഷണം നടത്തി. പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ തെരുവോരങ്ങളിൽ അലഞ്ഞു നടക്കുന്ന ആരുടെയോ ശവശരീരം. എന്നാൽ, തുടർ അന്വേഷണത്തിലാണ് ടാക്സി ഡ്രൈവറായ വിജയ് ഗൗഡിന്റേതാണ് ആ ശവശരീരം എന്ന് തിരിച്ചറിയുന്നത്. ആരുടേതാണ് ആ ശവശരീരം എന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. മരണപ്പെട്ടത് ഒരു സാധാരണക്കാരൻ, വലിയ ആൾബലം ഇല്ലാത്ത ഒരു മനുഷ്യന്റെ മരണത്തിൽ ദൂരൂഹതകൾ ഉണ്ടെങ്കിൽ പോലും പോലീസ് ആ കേസ് ഫൈലുകൾ ഒന്ന് തുറന്ന് പോലും നോക്കാറില്ല. (The Beer Man)
നവംബർ 16 ന്, മറൈന്‍ ലൈനിന് സമീപത്തായി മറ്റൊരു പുരുഷന്റെ ശവശരീരം കൂടി കണ്ടുകിട്ടുന്നു. മരണപ്പെട്ടിരിക്കുന്നത് ഒരു സാധാരണക്കാരൻ ഈ കേസും പതിവ് പോലെ മൂടപ്പെട്ടു. ഡിസംബർ 14, പിന്നെയും ഒരു അജ്ഞാത പുരുഷ ശവശരീരം കണ്ടുകിട്ടുന്നു. മർദിച്ച കൊലപ്പെടുത്തിയതിന്റെ എല്ലാ ലക്ഷണങ്ങളും ആ ശവശരീത്തിൽ ദൃശ്യമായിരുന്നു. ശവശരീരത്തോട് ചേർന്ന് ഒരു ബിയർ കുപ്പിയും കണ്ടുകിട്ടി. എന്നാൽ പോലിസിനെ അസ്വസ്ഥമാക്കിയ വസ്തുത, ശവശരീരത്തിന്റെ ഇടുപ്പിന് താഴെ നഗ്നമായിരുന്നു. ഇവിടം കൊണ്ടും അവസാനിച്ചില്ല, 2006 നും 2007നും ഇടയിൽ ഏഴു പുരുഷ ശവശരീരങ്ങൾ കൂടി കണ്ടെത്തുന്നു. ഇങ്ങനെ മരണപ്പെട്ടവർ എല്ലാം തെരുവിൽ അലഞ്ഞു തിരിയുന്നവർ ആയിരുന്നു. മറൈന്‍ ലൈനിന് ഏതാനം കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് ശവശരീരങ്ങൾ ഒക്കെയും കണ്ടുകിട്ടിയത്. കണ്ടുകിട്ടിയ ശവശരീരങ്ങൾ തമ്മിൽ സാമ്യതകൾ ഏറെ.
ഇടുപ്പിന് താഴെ നഗ്നമായ ശവശരീരങ്ങൾ, മരണപ്പെടുന്നതിന് മുൻപ് ലൈംഗികാതിക്രമത്തിന് ഇരയാവർ. കല്ലോ ഇരുമ്പ് വടിയോ കൊണ്ട് മർദിച്ചാണ് ഇരകളെ കൊലപ്പെടുത്തിയിരിക്കുന്നത്. ചിലരുടെ ശരീരത്തിൽ കത്തികൊണ്ട് കീറി മുറിച്ചിട്ടുമുണ്ട്. അടുത്ത് അടുത്ത് സമാന രീതിയിൽ അജ്ഞാത പുരുഷ ശവശരീരങ്ങൾ കണ്ടുകിട്ടാൻ തുടങ്ങിയത് മുംബൈയിലെ ചൂടുള്ള വാർത്ത തലക്കെട്ടായി മാറി. കൊലപാതകങ്ങൾ സമാന രീതിയിൽ, കൊല്ലപ്പെട്ടവർ തെരുവിൽ ജീവിക്കുന്ന പുരുഷന്മാർ, ഇതൊക്കെ കൊണ്ട് തന്നെ ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു സീരിയൽ കില്ലർ ആണ് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നു. പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആ കൊലയാളിക്ക് മാധ്യമങ്ങൾ ഒരു പേര് നൽകി, ദി ബിയർ മാൻ (The Beer Man). എട്ടോളം ശവശരീരങ്ങൾ കണ്ടെടുത്തിട്ടുണ്ട്, എല്ലാ ശവശരീരങ്ങൾക്ക് സമീപത് നിന്നും ഒഴിഞ്ഞ ബിയർ കുപ്പികൾ കണ്ടുകിട്ടിയതോടെയാണ് ആ അജ്ഞാത കൊലയാളിക്ക് ദി ബിയർ മാൻ എന്ന് തലക്കെട്ട് നൽകാൻ കാരണം.
പുരുഷന്മാരെ തേടിപ്പിടിച്ച് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഒരു സ്വവർഗാനുരാഗിയായ പരമ്പര കൊലയാളിയാണ് എന്ന് പോലീസും ഉറപ്പിക്കുന്നു. അത്ര എളുപ്പമായിരുന്നില്ല സ്വവർഗാനുരാഗിയായ കൊലയാളിയെ കണ്ടെത്തുന്നത്. തെളിവില്ല, സാക്ഷിയില്ല. പല കേസ് അന്വേഷണവും വഴിമുട്ടി. എന്നാൽ കൊലയാളി പിന്തുടർന്നിരുന്ന രീതി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ആകെമൊത്തം കൊല്ലപ്പെട്ടത് പത്തുപേർ, ഇവരിൽ എട്ടുപേരും കൊല്ലപ്പെട്ടത് വ്യാഴാഴ്ച രാത്രിയാണ്. ഇരയുടെ ശരീരത്തിൽ ഒരേ ഭാഗത്തു തന്നെ മൂന്ന് തവണ കൊലയാളി മർദിച്ചിരിക്കുന്നു. ഇനി ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങളുടെ ഭാഗമാണോ ഈ കൊലകൾ എന്ന സംശയത്തിൽ പോലീസ് എത്തിച്ചേരുന്നു. എന്നാൽ ഇത് സാധുകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ പോലീസിന് ലഭിക്കുന്നില്ല.
2007, ജനുവരിയിൽ, മറൈന്‍ ലൈൽ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ നിന്നും ഒരു പുരുഷന്റെ ശവശരീരം കണ്ടുകിട്ടുന്നു. ശവശരീരത്തിന് സമീപത്തു നിന്നായി ചാര നിറത്തിലുള്ള ഷർട്ട് പോലീസിന് ലഭിക്കുന്നു. ഈ കാഴ്ച കണ്ടുനിന്നവരിൽ ചിലർ പറഞ്ഞു, ദശരഥ് റാണയുടെ സംഘത്തിലെ രവീന്ദ്ര കൺട്രോളിന്റെതാണ് (Ravindra Kantrole) ആ ഷർട്ട് എന്ന്. അങ്ങനെ പോലീസ് അന്വേഷണം രവീന്ദ്രയിലേക്ക് തിരിയുന്നു. ജനുവരി 22 ന്, രവീന്ദ്രയെ കണ്ടെത്തി. എന്നാൽ അതിനകം മതം മാറി അബ്ദുൾ റഹീം (Abdul Rahim) എന്ന പേര് സ്വീകരിച്ച രവീന്ദ്രയുടെ അടുത്താണ് പോലീസ് എത്തിച്ചേർന്നത്.
ആരായിരുന്നു അബ്ദുൾ റഹീം എന്ന രവീന്ദ്ര
മുംബൈയിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു രവീന്ദ്രയുടെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ ദശരഥ് റാണയുടെ സംഘത്തിൽ ചേരുന്നു. തെരുവോരങ്ങളിൽ കടകളിൽ നിന്നും ചുങ്കം പിരിക്കുന്നതായിരുന്നു രവീന്ദ്രയുടെ പ്രധാന തൊഴിൽ. ജയിൽ സ്വന്തം വീട് പോലെ. എല്ലാ ദുശീലങ്ങൾക്കും ഉടമ. വേശ്യാലയങ്ങളിലെ നിത്യസന്ദർശകൻ. അങ്ങനെയാണ് അഞ്ജലി എന്ന ലൈംഗിക തൊഴിലാളിയെ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയത്തിൽ ആകുന്നതും. എങ്ങനെയെങ്കിലും അഞ്ജലിയെ വേശ്യാലയത്തിൽ നിന്നും മോചിപ്പിക്കണം, ഇതായി രവീന്ദ്രയുടെ പ്രധാന ലക്ഷ്യം. 25,000 രൂപ കൊടുത്ത് അഞ്ജലിയെ വേശ്യാലയത്തിൽ നിന്നും മോചിപ്പിക്കുന്നു. അഞ്ജലിയെ വിവാഹം ചെയ്യുന്നു, അതോടൊപ്പം തന്നെ മതപരിവർത്തനം നടത്തുന്നു. അബ്ദുൾ റഹീം എന്ന പേര് സ്വീകരിക്കുന്നു. ദശരഥ് റാണയുടെ സംഘത്തിൽ നിന്നും മാറി, സ്വന്തം നിലയിൽ തൊഴിൽ ചെയ്തു ജീവിക്കുന്നു.
കുറ്റകൃത്യയങ്ങളിൽ നിന്നും വിട്ടു നിന്ന അബ്ദുൾ റഹീം കുറ്റകൃത്യങ്ങളുടെ ലോകത്ത് നടന്ന പല സുപ്രധാന വിവരങ്ങളും പോലീസിന് കൈമാറുന്നു. ഇങ്ങനെ സാധാരണ ജീവിതം നടത്തിവരുകയായിരുന്നു അബ്ദുൾ റഹീമിനെയാണ് ബിയർ മാൻ എന്ന് കരുതി അപ്രതീക്ഷിതമായി പോലീസ് അറസ്റ്റ് ചെയ്യുന്നത്. താൻ കുറ്റകാരൻ അല്ല, ഞാൻ ഇപ്പോൾ കുടുംബവുമായി യാതൊരു തെറ്റിലും ഏർപ്പെടാതെ ജീവിക്കുകയാണ് എന്ന് റഹീം ആവർത്തിച്ച് കൊണ്ടേയിരുന്നു. എന്നാൽ അയാളുടെ വാക്കുകൾ പോലീസ് വിലയ്ക്ക് എടുത്തില്ല. പോലീസ് റഹീമിനെ അറസ്റ്റ് ചെയ്യുന്നു.
മറൈന്‍ ലൈനിന് സമീപത്ത് നിന്നായി കണ്ടുകിട്ടിയ ഒരു ശവശരീരത്തിന്റെ സമീപതായി ഒരു കടലാസ് ലഭിക്കുന്നു. അതിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ടായിരുന്നു. ഇത് റഹീം എഴുതിയത് ആണോ എന്ന് അറിയുവാൻ വേണ്ടി പോലീസ് റഹീമിന്റെ കൈയക്ഷരവും ആ കടലാസിലെ എഴുത്തിന്റെ സാമ്യതയും പരിശോധിക്കുന്നു. റഹീമിന്റെ കൈയക്ഷരുവും ആ കടലാസിലെത്തിന് സമാനം, അതോടെ ദി ബിയർ മാൻ അബ്ദുൾ റഹീം ആണ് എന്ന് ഉറപ്പിക്കുന്നു.
റഹീമിനെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കുന്നു. 15 പേരെ താന്‍ കൊലപ്പെടുത്തിയെന്നും ഇരുപതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് താനെന്ന് നാര്‍ക്കോ ടെസ്റ്റില്‍ അയാള്‍ സമ്മതിച്ചു. കൊലപെടുത്തുന്നതിന് മുൻപായി ഇരകളെ ബിയർ കുടിപ്പികാറുള്ളതായും അയാൾ സമ്മതിക്കുന്നു. എന്നാൽ താൻ ഇരകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. അത് തന്റെ വിശ്വാസത്തിന് എതിരാണ് എന്ന് റഹീം ഏറ്റുപറയുന്നു. റഹീമല്ല ഇരകളെ ലൈംഗികമായി അതിക്രമിച്ചു കൊലപ്പെടുത്തിയതെങ്കിൽ പിന്നെ ആരാകും ഇരുട്ടിന്റെ മറവിലെ ആ കൊലയാളി. റഹീമിനെ കോടതിയിൽ ഹാജരാക്കി. വിചാരണ നീണ്ടു പോയി. 2009 സെപ്റ്റംബറിൽ റഹീമിന് എതിരായ കുറ്റാരോപണങ്ങൾ നിലനിക്കില്ല എന്ന കാണിച്ച് കോടതി അയാളെ കുറ്റവിമുക്തനാകുന്നു. റഹീം അല്ല കൊലയാളി എന്ന് കോടതി വിധി പുറപ്പെടുവിച്ചിട്ടും. പിൽകാലത്ത് മുംബൈയുടെ തെരുവുകളിൽ ആരുടെയെങ്കിലും മൃതദേഹങ്ങൾ കണ്ടെത്തിയാൽ ആദ്യം കസ്റ്റഡിയിൽ എടുക്കുക റഹീമിനെയായിരുന്നു.
പിന്നെയും മുംബൈ നഗരത്തിൽ സമാന രീതിയിൽ പലരും കൊല്ലപ്പെട്ടു, അപ്പോഴും പോലീസിന്റെ സംശയദൃഷ്ടി റഹീമിന്റെ മേലായിരുന്നു. കുറ്റവാളി അല്ല എന്ന് തെളിയിക്കപ്പെട്ടിട്ടും അയാൾ ക്രൂശിക്കപ്പെട്ടു. ഈ അവസരത്തിൽ രക്ഷപ്പെട്ടത് ഡസൻ കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച കൊലയാളിയാണ്. ഇന്നും ആരാണ് പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുന്ന സീരിയൽ കില്ലർ, ബിയർ മാൻ എന്ന് കണ്ടെത്തുവാൻ സാധിച്ചിട്ടില്ല.