
ബീഹാർ : വ്യക്തിവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. ബീഹാറിലെ സസാറമിലെ മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ജയ്പൂർ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ വിക്രമ സിംഗ് ആണ് കൊല്ലപ്പെട്ടത്. ടവൽ കൊണ്ട് മുഖം മറച്ച ഒരാൾ വിക്രമ സിങ്ങിന്റെ വീട്ടിലെത്തി അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയും തുടർന്ന് ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്.
സംഭവം നടന്നയുടനെ സ്ഥലത്തുണ്ടായിരുന്ന ഗ്രാമവാസികൾ പരിക്കേറ്റ വിക്രമ സിംഗിനെ ജമുഹാറിലെ നാരായൺ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം അറിഞ്ഞെത്തിയ മുഫാസിൽ പോലീസ് സ്റ്റേഷനിലെ പോലീസ് സംഘം മരിച്ചയാളുടെ വീടും കുറ്റകൃത്യം നടന്ന സ്ഥലവും പരിശോധിച്ചു. വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ അയൽവാസികളായ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്.