
മദ്യം, ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങളിൽ ഒന്നാണ്. കരളിനെയും നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷവസ്തുവായിട്ടാണ് വൈദ്യശാസ്ത്രം മദ്യത്തെ കണക്കാക്കുന്നത്. എന്നാൽ, ഈ പാനീയം ഏറെ ഭക്തിയോടെ ദൈവത്തിന് സമർപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിനിലെ കാല ഭൈരവ ക്ഷേത്രത്തിലാണ് IKaal Bhairav Temple) ആരെയും അമ്പരപ്പിക്കുന്ന വിചിത്രമായ ആചാരം. ശിവന്റെ രൗദ്രഭാവമായ കാലഭൈരവനെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇന്ത്യയിൽ മദ്യം വഴിപാടായി നൽകുന്ന ക്ഷേത്രങ്ങൾ നിരവധിയാണ് എന്നാൽ, കാല ഭൈരവ ക്ഷേത്രത്തിൽ കാര്യങ്ങൾ ഒരൽപം വ്യത്യസ്‍തമാണ്.
ക്ഷേത്രത്തിലെ മദ്യ നിവേദ്യം
പൊതുവായി, പുഷ്പങ്ങളോ പഴങ്ങളോ മധുരപലഹാരങ്ങളും മറ്റുമാണ് ഹൈന്ദവ ക്ഷേത്രങ്ങളിൽ നിവേദ്യമായി സമർപ്പിക്കാറുള്ളത്. എന്നാൽ കാൽ ഭൈരവ ക്ഷേത്രത്തിൽ ഭക്തർ പൂജാ സാധനങ്ങൾക്കൊപ്പം ഒരു കുപ്പി മദ്യവും വാങ്ങിയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്. ക്ഷേത്രത്തിന് സമീപത്ത് തന്നെയുള്ള കടക്കളിൽ നിന്നും മദ്യം വാങ്ങാവുന്നതാണ്, ശേഷം മറ്റു ക്ഷേത്രങ്ങളിലെ പോലെ തന്നെ ക്ഷേത്രത്തിൽ ഇത് സമർപ്പിക്കാവുന്നതാണ്. പുരാതന താന്ത്രിക പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിലെ ഈ ആചാരം. താന്ത്രിക നിവേദ്യങ്ങളായ പഞ്ചമകാരങ്ങളിൽ (മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം) ഒന്നാണ് മദ്യം. കാലക്രമേണ മറ്റു നിവേദ്യങ്ങൾ ക്ഷേത്രത്തിൽ പ്രതീകാത്മകമായി മാറിയപ്പോൾ മദ്യം മാത്രമാണ് ഇന്നും നിവേദ്യമായി തുടരുന്നത്. കാല ഭൈരവ ക്ഷേത്രത്തിൽ ഭക്തർക്ക് ഏതുതരം മദ്യവും സമർപ്പിക്കാവുന്നതാണ്.
ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന മദ്യം ക്ഷേത്ര തന്ത്രി ചെറിയ പിഞ്ഞാണത്തിൽ പകർന്ന ശേഷം ഭൈരവനായി സമർപ്പിക്കുന്നു. മദ്യം ഭൈരവ വിഗ്രഹത്തിന്റെ ചുണ്ടിനോട് ചേർത്തുപിടിക്കും, നിമിഷ നേരത്തിനുള്ളിൽ പിഞ്ഞാണത്തിലെ മദ്യം അപ്രത്യക്ഷമാകും. മദ്യം പൂർണ്ണമായും ഭൈരവ വിഗ്രഹം വലിച്ചെടുക്കുന്നതായിട്ടാണ് തോന്നുക. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് ഇന്ന് ഉത്തരം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. വിഗ്രഹത്തിനുള്ളിൽ മദ്യം ഒഴുകിപ്പോകാൻ സാധ്യതയുള്ള ദ്വാരങ്ങളോ അറകളോ ഇല്ലെന്നാണ് ക്ഷേത്ര പൂജാരിമാർ പറയുന്നത്. ഒരു കാലത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പോലും മദ്യത്തിന്റെ ദുരൂഹമായ അപ്രത്യക്ഷതയെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആർക്കും ഉത്തരം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ഭക്തർ വിശ്വസിക്കുന്നത്, ഭഗവാന് മദ്യം പ്രിയമായത് കൊണ്ട് ഭൈരവൻ തന്നെയാണ് മദ്യം കുടിക്കുന്നതെന്ന്. മദ്യം മനുഷ്യന്റെ ഇന്ദ്രിയ മോഹങ്ങളെയും സുഖങ്ങളെയും പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഭക്തൻ മദ്യം നിവേദിക്കുന്നതിലൂടെ ലൗകികമായ ആസക്തികളെയും അഹങ്കാരത്തെയും അവർ ഭഗവാന് മുന്നിൽ സമർപ്പിക്കുന്നു എന്നാണ് വിശ്വാസം.
പുരാതന ഹൈന്ദവ ഗ്രന്ഥമായ സ്കന്ദപുരാണമനുസരിച്ച്, ഉജ്ജൈനിലെ കാലഭൈരവ് ക്ഷേത്രം ഭദ്രസെൻ എന്ന പുരാതന രാജാവാണ് നിർമ്മിച്ചത്. എന്നാൽ ഇന്ന് കാണുന്ന ക്ഷേത്രം എപ്പോഴാണ് പണികഴിപ്പിച്ചത് എന്ന് വ്യക്തമല്ല. മാറാത്ത രാജാക്കന്മാരാണ് ക്ഷേത്രം പുതുക്കി പണിതത് എന്നും പറയപ്പെടുന്നു. ദിവസവും നൂറു കണക്കിന് ഭക്തരാണ് കാലഭൈരവന് മദ്യം സമർപ്പിക്കുവാനായി ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഉജ്ജയിനിയുടെ കാവൽ ദൈവമായാണ് കാല ഭൈരവനെ കണക്കാക്കുന്നത്.
Summary: Kaal Bhairav Temple in Ujjain, devotees offer alcohol as a unique form of worship, and it is believed that the deity personally consumes it. The temple’s priests pour the liquor into the deity’s mouth, where it mysteriously disappears, with no visible openings or storage inside the idol.