
ബീഹാർ : കാമുകിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിൽ പൂട്ടി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ബിഹാറിലെ നളന്ദ ജില്ലയിലെ, കാഗ്ജി മൊഹല്ലയിലാണ് സംഭവം നടന്നത്. അമിത് കുമാർ എന്ന യുവാവ് ആണ് കാമുകിയായ പൂജ കുമാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചത്.
റിപ്പോർട്ടുകൾ അനുസരിച്ച് പൂജ കുമാരി നഴ്‌സിംഗ് പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു, അമിത് കുമാർ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തിടെ, ഇരുവരും തമ്മിൽ നേരിൽ കാണുകയും, എന്തോ കാര്യത്തെച്ചൊല്ലി തർക്കമുണ്ടാകുകയുമായിരുന്നു. ഈ തർക്കത്തിനിടെ അമിത് തന്റെ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തൽ.
പ്രതി അമിത് കുമാർ പൂജയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതായി സദർ ഡിഎസ്പി നൂറുൽ ഹഖ് പറഞ്ഞു. ഇതിനുശേഷം, മൃതദേഹം സ്യൂട്ട്കേസിലാക്കി രാത്രിയുടെ ഇരുട്ടിൽ സൊഹ്സരായ് പോലീസ് സ്റ്റേഷൻ പ്രദേശത്തെ പട്ടേൽ നഗറിന് സമീപമുള്ള വിജനമായ സ്ഥലത്ത് വലിച്ചെറിഞ്ഞു.
കർശനമായ ചോദ്യം ചെയ്യലിൽ, പ്രതിയിൽ നിന്ന് സംഭവത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ പോലീസിന് ലഭിച്ചു. പ്രതി നൽകിയ സൂചന പ്രകാരം, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്, അവിടെ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ, പ്രതി നൽകിയ മൊഴി പ്രകാരം പ്രകാരം സ്യൂട്ട്കേസും മറ്റ് തെളിവുകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.