അഹമ്മദാബാദ്: ഭീകരവാദക്കേസിലെ പ്രതിയായ സയ്യിദ് അഹമ്മദ് മൊഹിയുദ്ദീൻ അബ്ദുൾ ഖാദിർ ജിലാനിയെ (40) സബർമതി സെൻട്രൽ ജയിലിൽ വെച്ച് മൂന്ന് സഹതടവുകാർ ആക്രമിച്ചു. ചൊവ്വാഴ്ചയാണ് ജയിലിനുള്ളിൽ സംഘർഷമുണ്ടായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) അന്വേഷിക്കുന്ന ഉന്നതതല ഭീകരാക്രമണ ഗൂഢാലോചനക്കേസിൽ കുറ്റാരോപിതനാണ് ജിലാനി.(Terror case accused beaten up by fellow inmates in Sabarmati Jail)
ഹൈദരാബാദ് സ്വദേശിയായ സയ്യിദ് അഹമ്മദ് മൊഹിയുദ്ദീൻ അബ്ദുൾ ഖാദിർ ജിലാനി. മോഷണക്കുറ്റത്തിന് പിടിയിലായ നിലേഷ് ശർമ്മയും മറ്റ് രണ്ട് തടവുകാരും ചേർന്നാണ് ജിലാനിയെ മർദിച്ചത്. ജിലാനിയെയും മറ്റ് രണ്ട് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.
മുഖത്ത് പരിക്കേറ്റ ജിലാനിക്ക് ചികിത്സ നൽകി. മറ്റ് തടവുകാർ ഇടപെട്ടതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ ആക്രമണം അവസാനിപ്പിക്കാൻ സാധിച്ചു. ദേശസ്നേഹം പ്രകടിപ്പിക്കാനാണ് ജിലാനിയെ ആക്രമിച്ചതെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത്രയധികം തടവുകാർക്കിടയിൽ നിന്ന് എങ്ങനെയാണ് ഇവർ സയ്യിദിനെ തിരഞ്ഞെടുത്തത്, ഇവർക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
ആക്രമണം മുൻകൂട്ടി തീരുമാനിച്ചതാണോ അതോ സ്വമേധയാ സംഭവിച്ചതാണോ എന്ന് നിർണയിക്കാൻ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് റാണിപ്പ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആവണക്കിൽ നിന്ന് വേർതിരിച്ചെടുക്കുന്ന, അതീവ മാരകമായ വിഷവസ്തുവായ റിസിൻ ഉപയോഗിച്ച് ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്നാരോപിച്ചാണ് ഗുജറാത്ത് എ.ടി.എസ്. ജിലാനിയെയും രണ്ട് കൂട്ടാളികളെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്.
മാസങ്ങൾ നീണ്ട നിരീക്ഷണത്തിനും ഇന്റലിജൻസ് വിവരങ്ങൾക്കും ശേഷമാണ് മൂവരെയും പിടികൂടിയത്. പ്രതികൾ ആവണക്കെണ്ണ ശേഖരിച്ചതായും, ലക്ഷ്യമിട്ട ആക്രമണങ്ങളിൽ ഉപയോഗിക്കുന്നതിന് റിസിൻ വേർതിരിച്ചെടുക്കുന്നതിനുള്ള രീതികളെക്കുറിച്ച് ഗവേഷണം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.