ബെംഗളൂരു: മുഖ്യമന്ത്രി കസേരയെച്ചൊല്ലി ആടിയുലഞ്ഞ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. അടുത്ത മാസം എട്ടിന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനം പൂർത്തിയാകും വരെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട് ചർച്ചകളോ പരസ്യ അഭിപ്രായപ്രകടനങ്ങളോ ഉണ്ടാകില്ല. ഇതോടെ, മുഖ്യമന്ത്രിയായി സിദ്ധരാമയ്യ രണ്ടര വർഷം കൂടി തുടർന്നേക്കും എന്നാണ് സൂചന.(Temporary ceasefire in Karnataka power struggle, No problems till the winter session of the Assembly is over)
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ പ്രഭാതഭക്ഷണ ചർച്ച നടന്നത്. 40 മിനിറ്റോളം നീണ്ടുനിന്ന ഈ ചർച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഡിസംബർ എട്ടിന് തുടങ്ങാനിരിക്കുന്ന ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷത്തിന് അനാവശ്യ ആയുധം നൽകരുതെന്ന ഹൈക്കമാൻഡിന്റെ നിർദ്ദേശം ഇരുനേതാക്കളും അംഗീകരിച്ചു.
ഇതിന്റെ ഭാഗമായി അനാവശ്യ പ്രസ്താവനകൾ, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഒളിപ്പോരുകൾ, നേതാക്കളുടെ ഡൽഹി യാത്ര എന്നിവ തൽക്കാലത്തേക്ക് ഒഴിവാക്കും. സംസ്ഥാന താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനമെടുക്കാൻ ഈ സമയത്തിനുള്ളിൽ കഴിയും എന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ ഇരു നേതാക്കളെയും ഫോണിൽ വിളിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇന്നത്തെ പ്രഭാതഭക്ഷണ ചർച്ച. പ്രധാനമന്ത്രിയാകാൻ കഴിയുമായിരുന്നിട്ടും പാർട്ടിക്കുവേണ്ടി സോണിയാഗാന്ധി ത്യാഗം ചെയ്ത കാര്യം ഡി.കെ. ശിവകുമാർ ഇന്നലെ ഒരു പ്രസംഗ മധ്യേ ചൂണ്ടിക്കാട്ടിയതോടെ തന്നെ സമവായ നീക്കത്തിന്റെ സൂചനകൾ വെളിപ്പെട്ടിരുന്നു.
ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുള്ള മുഖ്യമന്ത്രിയെ പിണക്കാൻ തൽക്കാലം നേതൃത്വം തയ്യാറായേക്കില്ലെന്ന് ഡി.കെ. വിഭാഗത്തിന് ഉറപ്പായിട്ടുണ്ട്. ഇതും സമവായ ചർച്ചകൾക്ക് ഡി.കെ. തയ്യാറാകാൻ കാരണമായി. അതേസമയം, മുഖ്യമന്ത്രി പദവി ഒഴിയില്ലെന്ന് സിദ്ധരാമയ്യ അസന്ദിഗ്ദ്ധമായി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലേക്ക് വിളിച്ചുവരുത്തി തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചാൽ അത് അണികളെയും സാമുദായിക നേതാക്കളെയും പ്രകോപിപ്പിക്കും എന്ന് മനസ്സിലാക്കിയാണ് സംസ്ഥാനത്തുതന്നെ ഒരു സമവായ നീക്കത്തിന് ഹൈക്കമാൻഡ് ഇടപെട്ടത്.