

ഹൈദരാബാദ്: നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് വിവാദ പരാമർശവുമായി തെലുങ്ക് നടനും ബിഗ് ബോസ് താരവുമായ ശിവാജി. നടിമാർ ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കി, സാരിയോ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങളോ ധരിക്കണമെന്ന ശിവാജിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്. പുതിയ ചിത്രമായ 'ധണ്ടോര'യുടെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു താരത്തിന്റെ ഈ ഉപദേശം.
നായികമാർ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത്. സാരിയിലോ ശരീരം പൂർണ്ണമായി മൂടുന്ന വസ്ത്രങ്ങളിലോ ആണ് യഥാർത്ഥ സൗന്ദര്യമുള്ളത്. ആളുകൾ നിങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ച് മുഖത്ത് നോക്കി ഒന്നും പറയില്ലായിരിക്കാം, എന്നാൽ ഉള്ളുകൊണ്ട് അവർ ഇത് ഇഷ്ടപ്പെടണമെന്നില്ല.സ്ത്രീയെന്നാൽ പ്രകൃതിയെപ്പോലെയാണ്. പ്രകൃതി സുന്ദരിയായിരിക്കുമ്പോൾ നമ്മൾ അതിനെ ബഹുമാനിക്കും. എന്റെ അമ്മയെപ്പോലെയാണ് എനിക്ക് സ്ത്രീകളെന്നും ശിവാജി പറഞ്ഞു.
ശിവാജിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഗായിക ചിന്മയി ഉൾപ്പെടെയുള്ള പ്രമുഖർ വിമർശനവുമായി രംഗത്തെത്തി. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടന്റെ ശ്രമം പിന്തിരിപ്പനാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
"ഇയാൾ പറയുന്ന വാക്കുകളേക്കാൾ, അതിന് സദസ്സിൽ നിന്ന് ലഭിക്കുന്ന കയ്യടികളാണ് ഭയപ്പെടുത്തുന്നത്" എന്നാണ് സോഷ്യൽ മീഡിയയിലെ ഒരു പ്രധാന കമന്റ്. തെലുങ്ക് സിനിമയിലെ സ്ത്രീവിരുദ്ധതയുടെ തുടർച്ചയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. വേദിയിൽ വനിതാ താരങ്ങളെ സാക്ഷിനിർത്തിയായിരുന്നു ശിവാജിയുടെ ഈ 'സദാചാര പ്രസംഗം' എന്നതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.
ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിലെ സെക്കൻഡ് റണ്ണർ അപ്പായിരുന്നു ശിവാജി.