
ഹൈദരാബാദ് : ഒരു മിനിറ്റിൽ നാവുപയോഗിച്ച് 57 ഫാനുകൾ നിശ്ചലമാക്കിയ തെലങ്കാന സ്വദേശി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. സുര്യപേട്ടിൽ നിന്നുള്ള ക്രാന്തി കുമാർ പണിഖേരയാണ് ഗിന്നസ് ലോകത്തെ ഞെട്ടിച്ച 'ഡ്രിൽ മാൻ' ആയത്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജാണ് പണിഖേരയുടെ വീഡിയോ പുറത്തുവിട്ടത്.
ഗിന്നസ് റെക്കോർഡ് തന്റെ സ്വപ്നമായിരുന്നെന്നും നാല് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയത് അവിശ്വസനീയമായി തോന്നുന്നുവെന്നും പണിഖേര പ്രതികരിച്ചു.. ഗിന്നസ് അധികൃതരോട് അദ്ദേഹം നന്ദി അറിയിച്ചു. വളരെ വേഗം തന്നെ വൈറലായ വീഡിയോ 60 ലക്ഷത്തോളം ആളുകളാണ് കണ്ടത്.
2015ലാണ് തന്റെ കഴിവ് ആദ്യമായി വീട്ടുകാരെ കാണിക്കുന്നത്. ഇന്ത്യാസ് ഗോഡ് ടാലെന്റ്‌റ് എന്ന പരിപാടിയിലെ പ്രകടനം കണ്ട് വീട്ടുകാർ ഞെട്ടിയെന്നാണ് ക്രാന്തി പറയുന്നത്. ചെറിയ പ്രായത്തിൽ തന്നെ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതാണ് ഇത്തരം അഭ്യാസങ്ങൾ പരീക്ഷിച്ച് തുടങ്ങിയതെന്നും ക്രാന്തി പറയുന്നു. ഇന്ത്യാസ് ഗോട്ട് ടാലന്റ്, സീ ടാലന്റ് ഷോ, ഇന്ത്യ കാ മസ്ത് കലന്ദർ, ബിഗ് സെലിബ്രിറ്റി ചലഞ്ച് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.