ദുബൈ : തേജസ് വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ദുബായ് എയർഷോയ്ക്കിടെയുണ്ടായ അപകടത്തിലാണ് നമൻഷിന് ജീവൻ നഷ്ടമായത്.
ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്നാഥ് സിങ്ങ് പ്രതികരിച്ചു.
അതേസമയം, 2001ൽ വ്യോമസേനയുടെ ഭാഗമായ തേജസ്സ് ആദ്യമായി തകർന്നുവീണത് 23 വർഷത്തിനു ശേഷമാണ്. 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ചായിരുന്നു അന്ന് അപകടമുണ്ടായത്. മാർച്ച് 12ന് ജയ്സാൽമീറിലെ ഒരു ഹോസ്റ്റൽ കെട്ടിടത്തിനു സമീപമാണ് തേജസ്സ് തകർന്നുവീണത്. ഭാരത് ശക്തി എന്നു പേരിട്ട സൈനികാഭ്യാസത്തിൽ പങ്കെടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്.
വിമാനം കത്തിയെങ്കിലും അന്ന് പൈലറ്റിന് സുരക്ഷിതമായി ‘ഇജക്ട്’ ചെയ്ത് പുറത്തേക്കു കടന്ന് രക്ഷപ്പെടാൻ സാധിച്ചു. ഓയിൽ പമ്പിന്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്നുള്ള എൻജിൻ തകരാറാണ് അന്ന് തേജസ്സിന്റെ വീഴ്ചയ്ക്കു കാരണമായത്.