ന്യൂഡൽഹി: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിൻ്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു.ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.ദുബായിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ദീപ്ക് മിത്തൽ അടക്കമുള്ളവർ മൃതദേഹത്തിൽ ആദരം അർപ്പിച്ചു.മൃതദേഹം ഇന്ന് (ഞായറാഴ്ച) ജന്മനാടായ ഹിമാചൽ പ്രദേശിലെ കാങ്‌ഡയിൽ എത്തിച്ച് കുടുംബത്തിന് കൈമാറും.
വിംഗ് കമാൻഡർ നമൻഷ് സ്യാലിൻ്റെ വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തി.സമർപ്പണബോധമുള്ള പൈലറ്റും സമഗ്രമായ പ്രൊഫഷണലുമാണ് നമൻഷ്. അചഞ്ചലമായ പ്രതിബദ്ധത, അസാധാരണമായ വൈദഗ്ധ്യം, വിട്ടുവീഴ്ചയില്ലാത്ത കർത്തവ്യബോധം എന്നിവയാൽ അദ്ദേഹം രാഷ്ട്രത്തെ സേവിച്ചു. അദ്ദേഹത്തിൻ്റെ സേവനം നന്ദിയോടെ സ്മരിക്കപ്പെടുമെന്നും വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു.