
ബംഗളൂരു: തീർഥഹള്ളി തഹസിൽദാർ നഗരത്തിലെ ലോഡ്ജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗഡഗ് സ്വദേശിയായ ജക്കണ്ണ ഗൗഡറാണ് (54) മരിച്ചത്. കോടതി ആവശ്യത്തിനായി നഗരത്തിലെത്തിയ ജക്കണ്ണ ഗൗഡ കപാലി തിയറ്ററിന് സമീപമുള്ള വൈഭവ് ലോഡ്ജിലാണ് താമസിച്ചിരുന്നത്. രാവിലെമുതൽ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നില്ല. ആശങ്കയിലായ വീട്ടുകാർ തീർഥഹള്ളി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും തീർഥഹള്ളി പൊലീസ് ബംഗളൂരു പൊലീസുമായി ബന്ധപ്പെടുകയും ചെയ്തു.
തുടർന്ന് ഉപ്പരപ്പേട്ട പൊലീസ് ലോഡ്ജിലെത്തി മുറിയുടെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ജക്കണ്ണ ഗൗഡർ മരിച്ചതായി അറിയുന്നത്. ഹൃദയാഘാതം മൂലമാകാം മരിച്ചതെന്നാണ് സൂചന. എന്നാൽ, മരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തിൽ ഉപ്പരപ്പേട്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.