ഡൽഹി : ഡൽഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. വിമാനത്താവളത്തിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിൽ (AMSS) ഉണ്ടായ സാങ്കേതിക തകരാറാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചു. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, എയർ ട്രാഫിക് കൺട്രോൾ മെസേജിങ് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 800 ഓളം വിമാനങ്ങൾ വൈകിയതിന് പിന്നാലെ, സര്‍വീസുകള്‍ വൈകാൻ സാധ്യതയുണ്ടെന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി .ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റമാണ് തകരാറിലായത്. നിലവിൽ ഉദ്യോഗസ്ഥർ നേരിട്ടാണ് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങൾ വൈകാൻ കാരണമാകുന്നതെന്നുമാണ് അധികൃതർ പറയുന്നത്. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരയടക്കം വിന്യസിച്ച് തീവ്ര ശ്രമം തുടരുകയാണ്. ടിക്കറ്റെടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
അതേസമയം ഡൽഹിയിലടക്കം തെറ്റായ സിഗ്നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമം നടക്കുന്നതായും, ഡിജിസിഎ ഇതിൽ അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇതാണോ തകരാറിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.