ബെംഗളൂരു: വാടകവീട്ടിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്. ലൈംഗികാതിക്രമം തടഞ്ഞതിനെത്തുടർന്ന് 18-കാരനായ അയൽവാസി 34-കാരിയായ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ കർണാൽ കുറെയെ (18) പോലീസ് അറസ്റ്റ് ചെയ്തു.(Techie woman's death in Bengaluru is confirmed to be a murder, accused arrested)
ജനുവരി 3-നാണ് രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്‌മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ ശ്വാസംമുട്ടി മരിച്ചതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ശാസ്ത്രീയ പരിശോധനകളിലും തുടർ അന്വേഷണത്തിലും കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
ജനുവരി 3-ന് രാത്രി 9 മണിയോടെ സ്ലൈഡിങ് ജനാലയിലൂടെയാണ് പ്രതി യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയത്. ലൈംഗികമായി ഉപദ്രവിക്കാനുള്ള നീക്കം തടഞ്ഞതോടെ പ്രതി ഇവരെ ക്രൂരമായി മർദ്ദിച്ചു. ബോധരഹിതയായ യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി യുവതിയുടെ വസ്ത്രങ്ങളും മറ്റും മെത്തയിലിട്ട് പ്രതി തീകൊളുത്തി. ഇതാണ് അപ്പാർട്ട്‌മെന്റിൽ തീപിടിത്തമുണ്ടാകാൻ കാരണമായത്. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കൊലപാതകം (Sec 103(1)), ലൈംഗികാതിക്രമം (Sec 64(2), 66), തെളിവ് നശിപ്പിക്കൽ (Sec 238) എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.