അമരാവതി : ആന്ധ്രാപ്രദേശിൽ ക്ലാസ്മുറിയിൽ വച്ച് കുട്ടികളെ കൊണ്ട് കാലു തിരുമിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ. ശ്രീകാകുളം മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേൾസ് ട്രൈബൽ ആശ്രമം സ്കൂളിലാണ് സംഭവം നടന്നത്. കസേരയിലിരുന്ന അധ്യാപികയുടെ കാൽ നിലത്തിരുന്ന കുട്ടികൾ തിരുമി കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതേ തുടർന്ന് കാരണം കാണിക്കൽ നോട്ടിസ് നൽകിയാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. തലേ ദിവസം തെന്നി വീണെന്നും ഇതേ തുടർന്ന് കാൽമുട്ടിനു കടുത്ത വേദനയായിരുന്നു. വേദനയുടെ വിവരം അറിഞ്ഞ് കുട്ടികൾ സ്വയമേ വേദന മാറ്റാൻ സഹായിച്ചതാണെന്നാണ് കാരണം കാണിക്കൽ നോട്ടിസിനു അധ്യാപിക നൽകിയ മറുപടി.