അധ്യാപകന്റെ ക്രൂരത, ഭിന്നശേഷിക്കാരനെ പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് അടിച്ചു, കണ്ണിൽ മുളക് പൊടി വിതറി, പോലീസ് അന്വേഷണം ആരംഭിച്ചു; വീഡിയോ | Teacher
കുട്ടികളോട് ക്രൂരമായി പെരുമാറുന്ന അധ്യാപകരുടെ പല വാർത്തകളും നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ അതിലും ഞെട്ടിക്കുന്നതും അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ നിന്നും വരുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായുള്ള ഒരു റെസിഡൻഷ്യൽ സ്കൂളിൽ 16 വയസ്സുള്ള ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. (Teacher)
ദൃശ്യങ്ങളിൽ നിലത്തിരിക്കുന്ന കുട്ടിയെ പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് അധ്യാപകൻ മർദ്ദിക്കുന്നത് കാണാം. അടി കൊണ്ട് കുട്ടി വിലവിളിക്കുന്നത്തിന്റെയും വീഡിയോ എടുക്കുന്ന ആൾ ഇതെല്ലാം കണ്ടു ചിരിക്കുന്നതിന്റെയും ശബ്‍ദം നമ്മുക്ക് വീഡിയോയിൽ കേൾക്കാൻ സാധിക്കും.
വീഡിയോയിൽ കാണുന്ന അധ്യാപകന്റെ പേര് അക്ഷയ് ഇന്ദുൽക്കറെന്നാണ്. അധ്യാപകൻ കുട്ടിയെ അടിക്കുക മാത്രമല്ല കണ്ണിൽ മുളക് പൊടി ഇടുകയും ചെയ്തു എന്ന് തുടർന്ന് നടന്ന അന്വേഷണങ്ങളിൽ നിന്നും മനസ്സിലായി. മുന്നേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരാളാണ് വീഡിയോ പുറത്ത് വിടുന്നത്. തുടർന്ന്, മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
