
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവിൽ ഹോളി ആഘോഷത്തിനിടെ ശരീരത്തിൽ ചായം വിതറുന്നത് തടഞ്ഞയാളെ മർദിച്ചു കൊലപ്പെടുത്തി. ഷരീഫ്(45) എന്നയാളാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച പള്ളിയിലേക്ക് പോവുകയായിരുന്ന ഇയാൾ ഹോളി ആഘോഷിക്കുന്ന സംഘത്തിന് മുന്നിലെത്തിയപ്പോൾ അവർ ദേഹത്ത് ചായം വിതറാൻ ശ്രമിക്കുകയും അതു ഷരീഫ് തടയുകയും ചെയ്തു. ഇതു തർക്കവും സംഘർഷവുമായി മാറുകയായിരുന്നു. ആക്രമണത്തിനിരയായ ഷരീഫിനെ അതുവഴി വന്നവർ രക്ഷപ്പെടുത്തി വെള്ളം കൊടുത്തെങ്കിലും അൽപസമയത്തിനകം ഇയാൾ കുഴഞ്ഞുവീണു മരിച്ചു. ആക്രമികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. നഗരത്തിലെ സദർ മേഖലയിലുള്ള ഖാസിം നഗറിലെ താമസക്കാരനാണ് ഷരീഫ്.
കൊലപാതകത്തെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വ്യാപകമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ജനം തെരുവിലിറങ്ങി. അതിനിടെ, പോസ്റ്റ്മോർട്ടം റിപ്പോർട്ടനുസരിച്ച് മരണകാരണം ഹൃദയാഘാതമാണെന്നും ശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്നും ഉന്നാവ് പോലീസ് പിന്നീട് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.