

ജൊഹാന്നസ്ബർഗ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലോക കപ്പ് സ്വന്തമിക്കിയതിനെ അഭിനന്ദിച്ചും സ്വന്തം വനിതാ ക്രിക്കറ്റ് ടീമിനോടുള്ള ദക്ഷിണാഫ്രിക്കക്കാരുടെ മനോഭാവത്തെ വിമർശിച്ചുമാണ് ദക്ഷിണാഫ്രിക്കൻ നടിയും എഴുത്തുകാരിയുമായ തഞ്ച വൂർ വീഡിയോ പോസ്റ്റ് ചെയ്തത്. ലിംഗഭേദമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ക്രിക്കറ്റിനോടുള്ള സ്നേഹത്തെ തഞ്ച വൂർ വാനോളം പുകഴ്ത്തി. അതിനൊപ്പം തന്നെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, രോഹിത് ശർമ, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർ വനിതാ ടീമിനെ പ്രോത്സാഹിപ്പിക്കാൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളാരും അവിടെ ഉണ്ടായിരുന്നില്ല എന്ന് നടി വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. (Tanja Voor Comments)
‘ദക്ഷിണാഫ്രിക്കയിൽ നിന്ന് ആരാണ് വന്നത്? ദക്ഷിണാഫ്രിക്കയിൽ നിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന ഈ മുൻ ക്രിക്കറ്റ് കളിക്കാർ, പുരുഷന്മാർ... അവർ എവിടെയായിരുന്നു? ഓ, ഈ പരിപാടി അവർക്ക് വേണ്ടത്ര ഉയർന്ന നിലവാരമുള്ളതായിരിക്കില്ല അല്ലേ. ആരും വന്നില്ല. നമ്മുടെ കായിക മന്ത്രിയും അവിടെ ഉണ്ടായിരുന്നില്ലെന്ന് ഞാൻ കരുതുന്നു’’– തഞ്ച വൂർ രോക്ഷത്തിലുള്ള വാക്കുകളാണിത്.
ഇന്ത്യ വിജയിച്ചത് അവിടുത്തെ ആളുകൾ അത് ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും നടി വിഡിയോയിൽ പറയുന്നു. ‘‘ഇന്ത്യൻ താരങ്ങൾ വളരെ കഠിനാധ്വാനം ചെയ്തു. അവർ വളരെ നല്ല പ്രകടനം നടത്തി. പക്ഷേ നമ്മുടെ ആളുകൾ വരാതിരിക്കുമ്പോൾ എന്താണ് തോന്നുക? നമ്മൾ തോൽക്കുമെന്ന് അവർ ഉറപ്പിച്ചോ? അതാണോ അവർ നൽകുന്ന സന്ദേശം? ഇന്ത്യ ഈ കായിക വിനോദത്തിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു. ഈ ലോകകപ്പിന്റെ വിജയികളാണ് നിങ്ങൾ. നിങ്ങൾ അത് അർഹിക്കുന്നു.’’– നടി കൂട്ടിച്ചേർത്തു.