ഡേറ്റിംഗ് ആപ്പ്: യുവതികളെ പറ്റിച്ച് ഡിവൈഎസ്പിയുടെ മകൻ, സ്വര്‍ണവും പണവും തട്ടിയെടുത്തു, വിവാഹിതരായ യുവതികളെ അടക്കം പറ്റിച്ചു | Dating app

കേസില്‍ ഡിവൈഎസ്പിയുടെ മകനെ റെയ്സ് കോഴ്‌സ് പൊലീസ് അറസ്റ്റ് ചെയ്തു
Date app cheating
Published on

കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകനെ റെയ്സ് കോഴ്‌സ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷി(27)നെയാണ് പൊലീസ് പിടിക്കൂടിയത്. പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ യുവതിയുടെ ആഭരണങ്ങളാണ് ധനുഷ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. (Dating app)

ഡേറ്റിങ് ആപ്പിലൂടെ യുവതിയുമായി പരിചയത്തിലായ ധനുഷ് നേരിട്ട് കാണണമെന്ന് അറിയിച്ചു. തുടര്‍ന്ന് നവംബര്‍ രണ്ടിന് യുവതി നവക്കരയിലെ കുളക്കരയില്‍ എത്തി. എന്നാല്‍ നേരില്‍ കണ്ട് സംസാരിക്കുന്നതിനിടെയാണ് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ധനുഷ് സ്ഥലത്തെത്തിയ തന്റെ സുഹൃത്തിനൊപ്പം ചേര്‍ന്ന് യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. യുവതി ഭീഷണിപ്പെടുത്തിയ പ്രതി മൂന്ന് പവന്‍ സ്വര്‍ണവും ഓണ്‍ലൈനായി 90,000 രൂപയും കൈമാറ്റം ചെയ്യിപ്പിച്ചു. ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിന് മുന്നില്‍ ഇറക്കിവിടുകയായിരുന്നു.

എന്നാല്‍ രാത്രി പതിനൊന്ന് മണി ആയതിനാല്‍ ഹോസ്റ്റലില്‍ കയറാന്‍ കഴിയില്ലെന്ന് യുവതി പറഞ്ഞു. ഇത് കേട്ട ധനുഷ് അടുത്തുള്ള ഹോട്ടലില്‍ യുവതിക്ക് മുറിയെടുത്തു നല്‍കിയ ശേഷം അവിടെ നിന്ന് മുങ്ങി. ഈ സമയം യുവതി തന്റെ സഹോദരിയെ ഫോണില്‍ വിളിക്കുകയും സഹോദരിയെത്തി യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നല്‍കുകയുമായിരുന്നു. ആപ്പില്‍ തരുണ്‍ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ആപ്പിലെ തരുണ്‍ എന്ന പേര് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ധനുഷിനെ പൊലീസ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ആളാണ് ധനുഷ്. എന്നാല്‍ ബിസിനസില്‍ വരുമാനം കുറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ വിവാഹിതരായ യുവതികളെ അടക്കം ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ടു പണവും ആഭരണവും കൈക്കലാക്കാന്‍ തുടങ്ങി എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Related Stories

No stories found.
Times Kerala
timeskerala.com