ചെന്നൈ : രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹര്‍ജി നൽകും.മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ പാർട്ടികളായ എഐഎഡിഎംകെ പളനിസ്വാമി വിഭാഗം നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം, പിഎംകെ, നാം തമിഴർ കക്ഷി തുടങ്ങിയവർ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്നും തമിഴ്നാട് ആരോപിക്കുന്നു. സര്‍വകക്ഷി യോഗത്തിൽ 49 പാര്‍ട്ടികള്‍ പങ്കെടുത്തുവെന്നാണ് ഡിഎംകെ വ്യക്തമാക്കുന്നത്. യോഗത്തിൽ എസ്ഐആറിനെതിരായ പ്രമേയം പാസാക്കി. ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ നിർദേശിച്ചിട്ടുള്ള നവംബർ 4 മുതൽ ഡിസംബർ 4 വരെയുള്ള കാലയളവിൽ വടക്ക് കിഴക്കൻ മൺസൂൺ ശക്തമാകുന്ന സമയമാണ്. അതിനാൽ ഗ്രാമീണ കർഷകർക്ക് അപേക്ഷാ ഫോമുകൾ സമർപ്പിക്കാൻ മതിയായ സമയം ലഭിക്കില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർമഴക്കെടുതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഈ സമയം അനുയോജ്യമല്ലെന്നും യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള പോരായ്മകൾ പരിഹരിച്ച ശേഷം, സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, സുതാര്യമായ രീതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തണമെന്നാണ് ആവശ്യം.