

മധുര: തമിഴ് പാരമ്പര്യത്തിന്റെയും ധീരതയുടെയും പ്രതീകമായ ജെല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മധുര അളങ്കാനല്ലൂരിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. മൃഗസംരക്ഷണ വകുപ്പിലാകും വിജയികൾക്ക് തൊഴിൽ നൽകുക.
ജെല്ലിക്കെട്ടിൽ മികവ് തെളിയിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് മൃഗസംരക്ഷണ വകുപ്പിൽ ജോലി നൽകാൻ തീരുമാനിച്ചത്. ജെല്ലിക്കെട്ട് കാളകൾക്കായി അളങ്കാനല്ലൂരിൽ പ്രത്യേക ചികിത്സാ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 2 കോടി രൂപ അനുവദിച്ചു. നാടൻ കാളകൾക്ക് ശാസ്ത്രീയമായ പരിചരണവും ചികിത്സയും ഇവിടെ ലഭ്യമാക്കും.കാളകൾക്ക് ഗുണനിലവാരമുള്ള പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങളും പുതിയ കേന്ദ്രത്തിൽ ഒരുക്കും.
അളങ്കാനല്ലൂർ ജെല്ലിക്കെട്ട് കാണുന്നത് ഓരോ തമിഴനെയും അഭിമാനഭരിതനാക്കുന്ന ഒന്നാണെന്ന് സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ മോഡൽ സർക്കാരിന് കീഴിൽ നിർമ്മിക്കപ്പെട്ട കലൈഞ്ജർ സെന്റിനറി ജെല്ലിക്കെട്ട് അരീന അറിവിനോടും പാരമ്പര്യത്തോടുമുള്ള പ്രതിബദ്ധതയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് എല്ലാവർക്കും അദ്ദേഹം പൊങ്കൽ, പുതുവത്സരാശംസകൾ നേരുകയും ചെയ്തു.
തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം യുവാക്കൾക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.