ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെ, ഇന്ത്യയിലേക്ക് നയതന്ത്ര പ്രതിനിധികളെ നിയോഗിച്ച് താലിബാൻ. ആദ്യ പ്രതിനിധി ഈ മാസം തന്നെ ഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയെ ആശ്രയിക്കാൻ കഴിയുന്ന പങ്കാളി എന്ന് വിശേഷിപ്പിച്ച താലിബാൻ, ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ സംതൃപ്തി രേഖപ്പെടുത്തി.(Taliban sends diplomatic envoys to India, First envoy to arrive this month, report says)
നേരത്തെ താലിബാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ എത്തിയപ്പോൾ ഡൽഹിയിൽ എംബസി തുറക്കാൻ അനുവാദം നൽകണമെന്ന് പ്രധാന ആവശ്യമായി ഉന്നയിച്ചിരുന്നു. ഡൽഹിയിലെ അഫ്ഗാൻ എംബസി താലിബാൻ പ്രതിനിധികൾക്ക് കൈമാറാൻ തീരുമാനമുണ്ടായേക്കും. നിലവിൽ അഫ്ഗാനിലെ മുൻ സർക്കാരിൻ്റെ പ്രതിനിധികളാണ് എംബസിയുടെ നിയന്ത്രണം വഹിക്കുന്നത്. ഇവർ നിയന്ത്രണം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
താലിബാൻ്റെ ഒരു നയതന്ത്ര പ്രതിനിധിക്ക് ഇന്ത്യയിൽ വരാനുള്ള അനുമതിയാണ് നിലവിൽ നൽകിയിരിക്കുന്നത്. ജനുവരിയിൽ ഒരു പ്രതിനിധി കൂടി എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുമായി നല്ല ബന്ധമാണ് ഇപ്പോഴുള്ളതെന്നും, ഇന്ത്യ വിശ്വസിക്കാവുന്ന പങ്കാളിയാണ് എന്നും താലിബാൻ വക്താവ് പ്രതികരിച്ചു. നിലവിൽ താലിബാൻ പാകിസ്ഥാനോട് അകലുകയും ഇന്ത്യയോട് അടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് നയതന്ത്ര രംഗത്ത് കാണുന്നത്.