ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ പാകിസ്ഥാനിൽ നിന്നുള്ള യു.എസ്. ഡ്രോണുകളുടെ സാന്നിധ്യമാണെന്ന് റിപ്പോർട്ടുകൾ. തുർക്കിയുടെയും ഖത്തറിൻ്റെയും മധ്യസ്ഥതയിൽ ഇസ്താംബൂളിൽ നടന്ന ചർച്ചയിലാണ് നിർണായക വഴിത്തിരിവുണ്ടായത്.(Taliban-Pakistan ceasefire talks failed, Report says US drones are the reason, not India)
പാകിസ്ഥാനിലേക്ക് അഫ്ഗാനിൽ നിന്നുള്ള ഭീകരപ്രവർത്തനങ്ങൾ തടയാൻ താലിബാൻ ഭരണകൂടത്തെ സഹായിക്കണമെങ്കിൽ, അഫ്ഗാൻ വ്യോമാതിർത്തി ലംഘിക്കുന്ന യു.എസ്. ഡ്രോണുകളെ പാകിസ്ഥാൻ തടയണം എന്നതായിരുന്നു താലിബാൻ മുന്നോട്ട് വെച്ച പ്രധാന ആവശ്യം.
യു.എസ്. ഡ്രോണുകളെ തടയണമെന്ന താലിബാൻ്റെ ആവശ്യം പാകിസ്ഥാൻ നിരാകരിച്ചുവെന്ന് അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ നിരീക്ഷണം നടത്താനും ആക്രമണങ്ങൾ നടത്താനും ഒരു വിദേശ രാജ്യവുമായി കരാറുണ്ടെന്ന് പാകിസ്ഥാൻ ചർച്ചയ്ക്കിടെ സമ്മതിച്ചു. ഈ വിദേശ രാജ്യം യു.എസ്. ആണെന്ന് പിന്നീട് വ്യക്തമായി.
യു.എസുമായി ഡ്രോൺ ആക്രമണങ്ങൾ അനുവദിക്കുന്ന കരാർ തങ്ങൾക്കുണ്ടെന്നും അത് ലംഘിക്കാൻ കഴിയില്ലെന്നും പാകിസ്ഥാൻ വാദിച്ചു. പിന്നീട് ചില നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്ന് പാക് പ്രതിനിധികൾ സൂചിപ്പിച്ചെങ്കിലും, പാകിസ്ഥാനിൽ നിന്നുള്ള ഇടപെടലിനെ തുടർന്ന് അവർ നിലപാട് മാറ്റിയെന്നും റിപ്പോർട്ട് ചെയ്യുന്നു.
യു.എസ്. ഡ്രോണുകളിൽ തങ്ങൾക്ക് നിയന്ത്രണമില്ലെന്നും ഐ.എസിനെതിരെ (IS) നടപടിയെടുക്കാൻ കഴിയില്ലെന്നും അവർ താലിബാനെ അറിയിച്ചു. പാക് പ്രതിനിധികളുടെ ഈ നിലപാട് മാറ്റത്തിൽ മധ്യസ്ഥരായിരുന്ന തുർക്കിയും ഖത്തറും അത്ഭുതപ്പെട്ടുവെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. ഇതോടെ ചർച്ച തുടർന്നുകൊണ്ടുപോകാന്‍ താലിബാൻ താത്പര്യപ്പെട്ടില്ല.
ചർച്ച പരാജയപ്പെടാനുള്ള കാരണം ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിച്ചു. താലിബാൻ ഭരണകൂടത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ പാകിസ്ഥാന് സ്വന്തം ആയുധശേഖരത്തിൻ്റെ ഒരുഭാഗം പോലും ഉപയോഗിക്കേണ്ടി വരില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.