തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സർവ്വീസുകള്‍ പ്രതിസന്ധിയിലായ സാഹചര്യം മുതലെടുത്ത് യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികള്‍. ഇന്‍ഡിഗോ പല വിമാനങ്ങളും റദ്ദാക്കിയതോടെ മറ്റു കമ്പനികള്‍ ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. സാധാരണ നിലയില്‍ 10000 ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയർ ഇന്ത്യ 60000 രൂപ വരെയായി ഉയർത്തി.
ഡിസംബര്‍ 6 ശനിയാഴ്ച എയര്‍ ഇന്ത്യയുടെ ഡല്‍ഹി –തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 30,000 രൂപ മുതല്‍ 68,000 രൂപ വരെ എത്തി. മുംബൈ-തിരുവനന്തപുരം 20,000 മുതല്‍ 50,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഡല്‍ഹി-കൊച്ചി നിരക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 40,000 രൂപ കടന്നു. സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ എല്ലാ റൂട്ടുകളിലും സമാനമായ സാഹചര്യമാണുള്ളത്. ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമമാണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണമായത്.
അതേസമയം, വിമാനം റദ്ദാക്കലിൽ നിരവധി യാത്രക്കാർ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാർക്കുള്ള പുതിയ മാർഗനിർദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബർ 5ന് ഉച്ചയോടെയാണ് പുതിയ വ്യവസ്ഥ പിൻവലിച്ചതായി ഡിജിസിഎ വ്യക്തമാക്കിയത്.