ന്യൂഡൽഹി: സിറോ മലബാർ സഭാ നേതൃത്വം ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൂടിക്കാഴ്ച.(Syro Malabar Church leadership to meet PM Modi today)
ഫരീദാബാദിനെ അതിരൂപതയായി ഉയർത്തിയതിനുശേഷമുള്ള സൗഹൃദ സന്ദർശനമായാണ് സഭാ നേതൃത്വം കൂടിക്കാഴ്ചയെ വിശേഷിപ്പിക്കുന്നത്. കൂടാതെ, ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ ക്രിസ്ത്യൻ വിശ്വാസികളെയും പാസ്റ്റർമാരെയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവം പ്രധാനമന്ത്രിക്ക് മുന്നിൽ സഭാ നേതൃത്വം ഉന്നയിച്ചേക്കും.
ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും, പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ സിറോ മലബാർ സഭ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇത് വർഗ്ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണെന്നും, ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന നടപടിയാണെന്നും സഭ ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ഛത്തീസ്ഗഡിലെ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ സഭാ നേതൃത്വം ആവശ്യപ്പെട്ടേക്കും.