ബംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സഹസ്ഥാപകൻ ലക്ഷ്മി നന്ദൻ റെഡ്ഡി ഒബുൾ കമ്പനിയിൽ നിന്നും രാജിവെച്ചു (Swiggy Co-founder Nandan Reddy Resignation). സ്വിഗ്ഗിയുടെ ഹെഡ് ഓഫ് ഇന്നൊവേഷൻ, ഹോൾ-ടൈം ഡയറക്ടർ എന്നീ സ്ഥാനങ്ങളിൽ നിന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്. 2026 ഏപ്രിൽ 10 മുതൽ രാജി പ്രാബല്യത്തിൽ വന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
തൊഴിൽപരമായ മറ്റ് താല്പര്യങ്ങളുടെ ഭാഗമായാണ് രാജിയെന്ന് നന്ദൻ റെഡ്ഡി വ്യക്തമാക്കി. “സ്വിഗ്ഗിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ വലിയ അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഞാൻ പടിയിറങ്ങുന്നത്. ജിജ്ഞാസയോടെ നോക്കിക്കണ്ടിരുന്ന പുതിയ മേഖലകളെയും സാധ്യതകളെയും പര്യവേഷണം ചെയ്യാനാണ് ഇനി ആഗ്രഹിക്കുന്നത്. സ്വിഗ്ഗിയുടെ എക്കാലത്തെയും വലിയ ആരാധകനായി ഞാൻ തുടരും,” അദ്ദേഹം രാജിക്കത്തിൽ പറഞ്ഞു.
ബംഗളൂരുവിൽ ഒരു ചെറിയ സംരംഭമായി തുടങ്ങിയ സ്വിഗ്ഗിയെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നതിൽ നന്ദൻ റെഡ്ഡി വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഗ്രൂപ്പ് സിഇഒ ശ്രീഹർഷ മജെറ്റി അനുസ്മരിച്ചു.
നന്ദൻ റെഡ്ഡിയുടെ രാജിക്ക് പിന്നാലെ സ്വിഗ്ഗി ബോർഡിൽ നിർണ്ണായക നിയമനങ്ങളും പ്രഖ്യാപിച്ചു. ചീഫ് ഗ്രോത്ത് ഓഫീസർ ഫണി കിഷൻ അദ്ദെപള്ളി, ഗ്രൂപ്പ് സിഎഫ്ഒ രാഹുൽ ബോത്ര എന്നിവർ 2026 ജൂൺ ഒന്ന് മുതൽ ബോർഡിൽ അഡീഷണൽ ഡയറക്ടർമാരായി ചേരും.
പ്രോസസ് വെഞ്ചേഴ്‌സ് പ്രതിനിധിയായി റെനൻ ഡി കാസ്‌ട്രോ ആൽവസ പിന്റോ നിയമിതനായി. സോഫ്റ്റ്‌ബാങ്ക്, ആക്‌സൽ എന്നിവർക്കുണ്ടായിരുന്ന നോമിനേഷൻ അവകാശങ്ങൾ നീക്കം ചെയ്തു. പകരം സിഇഒ ശ്രീഹർഷ മജെറ്റിക്കും ഫണി കിഷൻ അദ്ദെപള്ളിക്കും ബോർഡിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം നൽകി.
ഷെയർഹോൾഡർമാരുടെയും റെഗുലേറ്ററി അതോറിറ്റിയുടെയും അംഗീകാരം ലഭിക്കുന്നതോടെ ഈ മാറ്റങ്ങൾ പൂർണ്ണമായും പ്രാബല്യത്തിൽ വരും. സ്വിഗ്ഗിയുടെ ഭാവി വളർച്ച ലക്ഷ്യമിട്ടുള്ള വലിയൊരു നേതൃമാറ്റമായാണ് വിപണി ഇതിനെ നോക്കിക്കാണുന്നത്.
Story Summary:
Lakshmi Nandan Reddy Obul, co-founder of Swiggy, has resigned from his positions as Head of Innovation and Whole-time Director, effective April 10, 2026. Reddy stated he is stepping down to explore new professional interests. Following his exit, Swiggy announced new board appointments, including Phani Kishan Addepalli (Chief Growth Officer) and Rahul Bothra (Group CFO) as additional directors. The company also amended its articles to grant nomination rights to CEO Sriharsha Majety and Phani Kishan, replacing rights previously held by investors like SoftBank and Accel.

