കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ പ്രമുഖ ട്രാക്ടർ ബ്രാൻഡുകളിലൊന്നായ സ്വരാജ് ട്രാക്ടേഴ്സ്, മൊഹാലിയിലെ തങ്ങളുടെ നിർമാണ കേന്ദ്രത്തിൽ നിന്നുള്ള ട്രാക്ടർ നിർമാണത്തിൽ 25 ലക്ഷം യൂണിറ്റുകൾ എന്ന പുതിയ നാഴികക്കല്ല് പിന്നിട്ടു. 2022-ൽ 20 ലക്ഷം ഉത്പാദനമെന്ന നാഴികക്കല്ല് പിന്നിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴാണ് പുതിയ നേട്ടം. മൂന്ന് വർഷത്തിനിടെ 5 ലക്ഷം ട്രാക്ടറുകൾ കൂടി നിർമിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ട്രാക്ടർ ബ്രാൻഡ് എന്ന പദവിക്കും സ്വരാജ് അടിത്തറ പാകി. 2002ൽ 5 ലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട സ്വരാജ്, വെറും 23 വർഷത്തിനുള്ളിൽ അഞ്ച് മടങ്ങ് വളർന്നാണ് 25 ലക്ഷം യൂണിറ്റിലെത്തിയത്.
1974ൽ 20–25 എച്ച്പി വിഭാഗത്തിൽ 'സ്വരാജ് 724' എന്ന ആദ്യ മോഡൽ പുറത്തിറക്കിക്കൊണ്ടാണ് സ്വരാജ് ബ്രാൻഡിൻ്റെ യാത്ര ആരംഭിക്കുന്നത്. ഇതോടെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ട്രാക്ടർ എന്ന ഖ്യാതിയും സ്വരാജിന് ലഭിച്ചു. ഇന്ത്യൻ എഞ്ചിനീയർമാർ രാജ്യത്തെ കൃഷിഭൂമിക്ക് അനുയോജ്യമായ രീതിയിൽ നിർമ്മിച്ച കരുത്തുറ്റതും, വിശ്വസനീയവും, താങ്ങാനാവുന്നതുമായ ട്രാക്ടറുകളാണ് സ്വരാജ് കർഷകർക്ക് വാഗ്ദാനം ചെയ്തത്. സ്വരാജ് 855, 735, 744, 960, 742, 963, സ്വരാജ് ടാർഗെറ്റ്, കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ നയാ സ്വരാജ് ശ്രേണി എന്നിവയെല്ലാം ഈ നിരയിലുണ്ട്. പതിറ്റാണ്ടുകളായി, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി, ട്രാക്ടറുകളും കാർഷിക യന്ത്രങ്ങളും നിരന്തരം പരിഷ്കരിച്ച് കർഷകരുമായുള്ള ബന്ധം ദൃഢമാക്കിയാണ് സ്വരാജ് മുന്നോട്ട് പോകുന്നത്.
തലമുറകളായി കർഷകർ സ്വരാജ് ബ്രാൻഡിൽ അർപ്പിച്ച വിശ്വാസമാണ് 25 ലക്ഷം ഉത്പാദനമെന്ന ഈ നാഴികക്കല്ലെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഫാം എക്യുപ്മെൻ്റ് ബിസിനസ് പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു. ഇന്ത്യയുടെ സ്വയംപര്യാപ്തതാ മനോഭാവത്തിൽ നിന്ന് പിറവിയെടുത്ത സ്വരാജ്, 'കൃഷിയെ മാറ്റിമറിക്കുക, ജീവിതങ്ങളെ സമ്പന്നമാക്കുക' എന്ന തങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് കർഷകരെ ശാക്തീകരിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
25 ലക്ഷം എന്ന നേട്ടം ഞങ്ങളുടെ മുഴുവൻ ടീമിനും അഭിമാനകരമായ നിമിഷമാണെന്നും,ഒപ്പം ഇന്ത്യൻ കർഷകരെ അവരുടെ വലിയ വിജയങ്ങളിലേക്ക് നയിക്കാൻ ഇത് പ്രചോദനമാണെന്നും മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് സ്വരാജ് ഡിവിഷൻ സിഇഒ ഗഗൻജോത് സിംഗ് പറഞ്ഞു.