
പട്ന: ബിഹാറിലെ ജാമുയിയിൽ, അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. സിക്കന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബസായ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ബസായ ഗ്രാമവാസിയായ ബ്രഹ്മദേവ് ചൗധരിയുടെ ഭാര്യ രാജ്കുമാരി ദേവി (60) ആണ് മരിച്ചത്. തന്റെ ഭാര്യയ്ക്ക് അയൽപക്കത്തുള്ള ഒരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ബ്രഹ്മദേവ് ചൗധരി സംശയിച്ചിരുന്നു, ഇതേ ചൊല്ലിയുള്ള തർക്കമാണ് ക്രൂര കൊലപതകത്തിൽ കലാശിച്ചത്.
ഈ വിഷയത്തിൽ ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം രാജ്കുമാരി ദേവി വീട്ടിൽ നിന്നും പുറത്തേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ മടങ്ങി എത്താതെ വന്നതോടെ കുടുംബം തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് വീടിനു പുറകിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ചുള്ള വിവരം സിക്കന്ദ്ര പോലീസ് സ്റ്റേഷനിലെ പോലീസിന് നൽകി. സിക്കന്ദ്ര പോലീസ് സ്റ്റേഷനിലെ പോലീസ് സ്ഥലത്തെത്തി കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത ശേഷം പ്രതിയായ ഭർത്താവ് ഒളിവിൽ പോയി. ഇയാളെ പിടികൂടാൻ പോലീസ് തിരച്ചിൽ നടത്തിവരികയാണ്.