National
കുട്ടികളെ കടത്താൻ വന്നയാളെന്ന് സംശയം; മാനസിക വിഭ്രാന്തിയുള്ള യുവാവിനെ തല്ലിച്ചതച്ച് ജനക്കൂട്ടം; നില ഗുരുതരം
സീതാമർഹി: മാനസിക വിഭ്രാന്തിയുള്ള ഒരു യുവാവിനെ ഗ്രാമവാസികൾ കുട്ടികളെ മോഷ്ടിക്കുന്നയാളാണെന്ന് തെറ്റിദ്ധരിച്ച് ക്രൂരമായി മർദിച്ച് അവശനാക്കി. ബിഹാറിലെ, സീതാമർഹി ജില്ലയിലെ ബത്‌നഹ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മധോപൂർ ഗ്രാമത്തിൽ ആണ് സംഭവം. ഗ്രാമവാസികളുടെ മർദ്ദനത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വൈറലായ വീഡിയോയിൽ നിന്ന് അയാളെ മർദിച്ച ആളുകളെ പോലീസ് തിരിച്ചറിയുന്നുണ്ട്.
മുഖത്ത് നിന്നും ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും രക്തം ഒഴുകുന്ന നിലയിലാണ് വീഡിയോയിൽ യുവാവിനെ കാണുന്നത്. പരിക്കേറ്റ യുവാവ് ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. കേസിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിഞ്ഞ ശേഷം കർശന നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.