ഗുജറാത്തിൽ നാടിനെ നടുക്കി വൻ ദുരന്തം; പട്ടത്തിന്റെ നൂൽ ബൈക്കിൽ കുരുങ്ങി കുടുംബത്തിലെ മൂന്നുപേർ മേൽപ്പാലത്തിൽനിന്നു വീണ് മരിച്ചു | kite string death Gujarat

ഗുജറാത്തിൽ നാടിനെ നടുക്കി വൻ ദുരന്തം; പട്ടത്തിന്റെ നൂൽ ബൈക്കിൽ കുരുങ്ങി കുടുംബത്തിലെ മൂന്നുപേർ മേൽപ്പാലത്തിൽനിന്നു വീണ് മരിച്ചു | kite string death Gujarat
Updated on

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഇരുചക്ര വാഹനത്തിൽനിന്ന് തെറിച്ചുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. സൂറത്ത് ജില്ലയിലെ ചന്ദ്രശേഖർ ആസാദ് മേൽപ്പാലത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഏകദേശം 70 അടി ഉയരമുള്ള പാലത്തിൽനിന്ന് താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്.

റഹാൻ എന്ന യുവാവ്, ഭാര്യ റഹാന, ഏഴുവയസ്സുകാരി മകൾ ഐഷ എന്നിവരാണ് മരിച്ചത്. റഹാനും മകൾ ഐഷയും വീണ ഉടൻ തന്നെ സംഭവസ്ഥലത്തുവെച്ച് മരിച്ചു. പാലത്തിന് താഴെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് റഹാന വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയ്ക്കും മകൾക്കുമൊപ്പം നഗരം ചുറ്റാനിറങ്ങിയതായിരുന്നു റഹാൻ. മേൽപ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ പട്ടം പറത്താൻ ഉപയോഗിക്കുന്ന നൂൽ (മാഞ്ച) റഹാന്റെ ശരീരത്തിൽ ചുറ്റുകയായിരുന്നു. റഹാന ഇത് ശ്രദ്ധയിൽപ്പെടുത്തിയതോടെ, ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽനിന്ന് ഒരു കൈകൊണ്ട് നൂൽ മാറ്റാൻ റഹാൻ ശ്രമിച്ചു. ഇതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയുമായിരുന്നു. ഇടിച്ച ആഘാതത്തിൽ മൂന്നുപേരും പാലത്തിന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഗുജറാത്തിൽ പട്ടം പറത്തൽ ഉത്സവത്തോടനുബന്ധിച്ച് ഉപയോഗിക്കുന്ന രാസവസ്തുക്കൾ ചേർത്ത നൂലുകൾ (ചൈനീസ് മാഞ്ച) പലപ്പോഴും ബൈക്ക് യാത്രക്കാരുടെ ജീവന് ഭീഷണിയാകാറുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com