ഐഎസ്എൽ സീസൺ സംബന്ധിച്ച കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും | ISL

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും ഐഎസ്എൽ നടത്തിപ്പുകാരായ എഫ്എസ്ഡിഎൽ എഗ്രിമെന്റ് പുതുക്കാത്തതും ക്ലബ്ബുകളുടെ പരാതികളും ആണ് പരിഗണിക്കുക
ISL
Published on

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ സീസൺ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡുമായുള്ള (എഫ്എസ്ഡിഎൽ) മാസ്റ്റേഴ്സ് റൈറ്റ് എഗ്രിമെന്റ് (എംആർഎ) പുതുക്കാത്തതും ക്ലബ്ബുകളുടെ പരാതികളും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, എ.എസ്.ചന്ദൂർകർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്.

ഫുട്ബോൾ ഫെഡറേഷന്റെ കരടു ഭരണഘടനയെ സംബന്ധിച്ചുള്ള കേസിലെ അമിക്കസ് ക്യൂറി അഡ്വ. ഗോപാൽ ശങ്കരനാരായണനാണ് ഐഎസ്എൽ പ്രതിസന്ധി കോടതിയെ അറിയിച്ചത്. ഈ വർഷം ഡിസംബർ വരെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും എഫ്എസ്ഡിഎലുമായി നിലവിൽ കരാറുണ്ട്. സെപ്റ്റംബറിലാണ് ഐഎസ്എൽ ആരംഭിക്കേണ്ടത്. എന്നാൽ, എഫ്എസ്ഡിഎൽ ഇതിൽ വീഴ്ചവരുത്തിയെന്നും ഉടൻ ഐഎസ്എൽ തുടങ്ങാൻ തയാറാകണമെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. അല്ലാത്തപക്ഷം, പഴയ കരാർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കാൻ ഫെഡറേഷനെ അനുവദിക്കണമെന്നും കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയമാണ് കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നത്.

അതേസമയം, ലീഗിലെ അനിശ്ചിതത്വം ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്നു ക്ലബ്ബുകൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേയ്ക്കു കത്തയച്ചു.

Related Stories

No stories found.
Times Kerala
timeskerala.com